പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി, സ്വമേധയ കേസെടുത്തു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനതെിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. അസ്വീകാര്യമായ നടപടികളാണ് ഉണ്ടാകുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു.

ഹർത്താൽ കോടതി നിരോധിച്ചതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകണം. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഹർത്താലിൽ സംസ്ഥാനത്ത് വ്യപാക ആക്രമണമാണ് സമരക്കാർ അഴിച്ചിവിടുന്നത്. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. ഇതോടെ പലയിടത്തും സർവ്വീസുകൾ നിർത്തിവെച്ചു. പോലീസ് സംരക്ഷണം ലഭിച്ചാൽ ബസുകൾ സർവ്വീസ് തുടരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. എയർപോട്ട് ഡ്യൂട്ടി കഴിഞ്ഞ് വരികയായിരുന്നു നിവേദ് എന്നയാളുടെ ബൈക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് സമരാനുകൂലികൾ പോലീസുകാരെ ബൈക്ക് ഇടിച്ച് വീഴ്ത്തി. പള്ളിമുക്കിലാണ് സംഭവം. സമരക്കാർ യാത്രക്കാരെ അസഭ്യം പറയാൻ ആരംഭിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണം. പോലീസുകാരായ ആന്റണി, നിഖിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് പോത്തൻകോട് മഞ്ഞമലയിൽ 15 പേർ അടങ്ങുന്ന സംഘം കട അടിച്ച് തകർത്തു. ഇതിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചവർക്കെതിരെ പോലീസ് ലാത്തി ചർജ് വീശി.അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 100 ഓളം പേരെ കരുതൽ തടവിലാക്കി.












Click it and Unblock the Notifications