പോപ്പുലർ ഫ്രണ്ട് നിരോധനം; അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് സ്വാഗതാർഹമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ബലിദാനികൾക്കുള്ള ആദരവാണ്. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയമായി സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന് പറയുന്ന സി പി എമ്മിനും ആർ എസ് എസിനെയും നിരോധിക്കണം എന്നു പറയുന്ന കോൺഗ്രസിനും ഉത്തരംമുട്ടിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസന പ്രവർത്തനം പുറത്തുവന്നിട്ടും അവരെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സിപിഎം നിരോധനത്തെ എതിർക്കുന്നത് ജനം വിലയിരുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി എൽ ഡി എഫിലെ ഘടകകക്ഷിയായ ഐ എൻ എല്ലിന് ബന്ധമുണ്ട്. ഐ എൻ എല്ലിന്റെ തലവൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവൻ. ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാർട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർ കോവിലിന് ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഈ സർക്കാർ മാനിക്കുന്നെങ്കിൽ മന്ത്രിയെ പുറത്താക്കണം. ഐ എൻ എല്ലിനെ ഇടതുപക്ഷത്ത് നിന്നും പുറത്താക്കണം. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘടനയുമായി ബന്ധമുള്ള പാർട്ടിയുടെ നേതാവ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഇതിനെതിരെ ബി ജെ പി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് ആർ എസ് എസ്സിനെ നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമായ എസ് ഡി പി ഐയുമായി ചേർന്ന് ഭരിക്കുന്നവരാണ് എൽ ഡി എഫും യു ഡി എഫും.

പഞ്ചായത്ത് ഭരണത്തിന് വേണ്ടി രാജ്യത്തിന്റെ താത്പര്യം ബലികഴിക്കുകയാണ് ഇവർ. പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ അഭിമന്യുവിനോട് ആത്മാർത്ഥയുണ്ടെങ്കിൽ പി എഫ് ഐയുടെ സഹായത്തോടെ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും രാജിവെക്കാൻ സി പി എം തയ്യാറാവണം. പിഎഫ്ഐക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടാത്ത മാന്യത കേരളത്തിൽ നേടി കൊടുത്തത് ഇടത്- വലത് മുന്നണികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ടിന് പുറമെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ ഐ എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ ഐ ഐ സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ സി എച്ച് ആർ ഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള തുടങ്ങിയ സംഘടനകളെയാണ് കേന്ദ്ര നിരോധിച്ചിരിക്കുന്നത്












Click it and Unblock the Notifications