
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസര്‍ പോലീസ് കസ്റ്റഡിയില്‍
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ വിവാദമായ മുദ്രാവാക്യ കേസിലാണ് നടപടി. കോട്ടയം കാഞ്ഞിരമറ്റത്തെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കെയാണ് പോലീസ് എത്തിയത്. ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതെയാണ് വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്ന് വീട്ടുകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ആലപ്പുഴ പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വീട്ടുകാരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും നല്കുന്ന വിവരം. ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയാണ് കെഎച്ച് നാസര്‍ എന്നും അദ്ദേഹത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പിടിച്ചുകൊണ്ടുപോയതെന്നും നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ യഹിയ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാന്റിലാണ്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.
ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് പോലീസ്; സിനിമാ രംഗത്തുള്ളവരെ വിളിപ്പിക്കും, കത്ത് പരിശോധിക്കുന്നു...
സംഘടനയെ വേട്ടയാടാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസരിച്ച് സിപിഎം നിയന്ത്രിക്കുന്ന കേരള പോലീസ് പ്രവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആരോപിച്ചു. ഈ നീക്കം അപകടകരമാണ്. ജനാധിപത്യത്തോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിത്. ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ആദ്യം പ്രദേശത്തെ പോലീസുകാരാണ് വീട്ടില്‍ എത്തിയത്. ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിക്കണമെന്നും താങ്കളുടെ പങ്കാളിത്തം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു. തൊട്ടുപിന്നാലെയാണ് രണ്ടു ബസ് പോലീസ് വീട്ടുപരിസരത്തെത്തിയതും പിടിച്ചുകൊണ്ടുപോയതും- പോപ്പുലര്‍ ഫ്രണ്ട് വൃത്തങ്ങള്‍ അറസ്റ്റ് സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ മാസം 21ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ ജന മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് നടന്ന റാലിയില്‍ ഒരു കുട്ടി യുവാവിന്റെ തോളിലിരുന്ന് വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ്, കുട്ടിയെ തോളിലേറ്റിയ യുവാവ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങി 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാന്റിലാണ്. അതിനിടെയാണ് കെഎച്ച് നാസറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കുട്ടിക്ക് മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ സിഎഎ സമരത്തില്‍ പങ്കെടുത്ത സമയത്തും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് കുട്ടിയും പിതാവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുദ്രാവാക്യം കേട്ടുപഠിച്ചതാണെന്നും ഇതിന്റെ അര്‍ഥം അറിയില്ലെന്നുമാണ് കുട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.