പ്രമുഖ തെലുങ്ക് നടന്‍ താരക രത്ന അന്തരിച്ചു: സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ അനന്തിരവന്‍
താരക രത്നയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവർ രംഗത്തെത്തി

ബെംഗളൂരു: പ്രമുഖ തെലുങ്ക് നടന്‍ താരക രത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരം പുലർച്ചയോടെ അന്തരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നടന്ന ഒരു റോഡ്‌ഷോയിൽ വച്ച് ജനുവരി 27 നാണ് താരത്തിന് ഹൃദയാഘാതം ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി മാനേജ്മെന്റ് താരക രത്നത്തിനായുള്ള അധിക സഹായ സേവനങ്ങൾക്കായി യുഎസിൽ നിന്ന് കുറച്ച് കാർഡിയോളജി സ്പെഷ്യലിസ്റ്റുകളെ കൊണ്ടുവരികയും ചെയ്തിരുന്നു. ബലൂൺ ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പ്, വാസോ ആക്റ്റീവ് സപ്പോർട്ട്, മറ്റ് നൂതന കാർഡിയോ സേവനങ്ങൾ എന്നിവ ഉപയോഗിച്ച് വലിയ ശ്രമങ്ങള്‍ ആരോഗ്യ വിദഗ്ധർ നടത്തിയെങ്കിലും ഒടുവില്‍ താരക രത്ന മരണത്തിന് കീഴടങ്ങുകയായിരുന്നു.
39 വയസ്സുള്ള നന്ദമുരി താരക രത്‌നയ്ക്ക് ഭാര്യ അലേഖ റെഡ്ഡിയും ഒരു മകളുമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് നന്ദമുരി മോഹൻ കൃഷ്ണ ടോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനാണ്. മുതിർന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ ചെറുമകനും ടോളിവുഡ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയുടെ അനന്തരവനുമാണ് താരക. തെലുങ്ക് നടന്മാരായ ജൂനിയർ എൻടിആറും കല്യാണ് റാമും അദ്ദേഹത്തിന്റെ ബന്ധുക്കളാണ്.
താരക രത്‌നയു നന്ദമുരി ബാലകൃഷ്ണയുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബംഗളൂരുവിലെ ആശുപത്രിയിലെ നിത്യസന്ദർശകന്‍ കൂടിയായിരുന്നു നന്ദമുരി ബാലകൃഷ്ണ. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ 'ഒകറ്റോ നമ്പർ കുറാഡു' എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരക രത്‌ന തന്റെ സിനിമാ അഭിനയ അരങ്ങേറ്റം കുറിച്ചത്, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ'സാരധി', 'എസ് 5 നോ എക്സിറ്റ്' എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. '9 അവേഴ്‌സ്' എന്ന വെബ് സീരീസിൽ അഭിനയിച്ചുകൊണ്ട് 2022-ൽ OTT അരങ്ങേറ്റവും നടത്തി.
2009-ൽ പുറത്തിറങ്ങിയ അമരാവതി എന്ന ചിത്രത്തിലെ അഭിനയത്തിന് താരക രത്‌നയ്ക്ക് മികച്ച വില്ലൻ സംസ്ഥാന നന്തി അവാർഡ് ലഭിച്ചു. രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായിരുന്നു. അതേസമയം താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. "ശ്രീ നന്ദമുരി താരക രത്‌ന ഗാരുവിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്നു. സിനിമയുടെയും വിനോദത്തിന്റെയും ലോകത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയിൽ എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി"- ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications