പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രമുഖ സിനിമാ റിവ്യൂവര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍. അശ്വന്ത് ഓടിച്ച വാഹനം കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് നാല് പേരെ ഇടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് നടക്കാവ് പോലീസ് സ്ഥലത്തെത്തി അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കറുത്ത ഥാർ ആണ് അശ്വന്ത് ഓടിച്ചിരുന്നത്. മദ്യലഹരിയില്‍ വാഹനം ബൈക്കിലും കാറിലുമടക്കം ഇടിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊട്ടാരം റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ റോഡരികിൽ നിർത്തിയിട്ട കാറിലാണ് ഥാർ ഇടിച്ചത്.
അത് കൂടാതെ ഭിന്നശേഷിക്കാരനായ ആളുടെ ഇരുചക്ര വാഹനത്തിനും അശ്വന്തിന്റെ ഥാർ ഇടിച്ചതായി പരാതിയുണ്ട്. അപകടം ഉണ്ടാക്കിയിട്ടും വാഹനം നിര്‍ത്താന്‍ അശ്വന്ത് കോക്ക് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് റോഡിലെ മറ്റ് യാത്രക്കാര്‍ ഇയാളുടെ വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടക്കാവ് പോലീസ് സ്ഥലത്ത് എത്തി അശ്വന്തിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൂര്‍ണമായും മദ്യലഹരിയില്‍ ഉളള അശ്വന്ത് പോലീസുകാരുമായി തര്‍ക്കിക്കുന്നതും തന്നെ തല്ലണോ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കസ്റ്റഡിയിലെടുത്ത അശ്വന്തിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോയി.


Click it and Unblock the Notifications
