Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയും ഇറാനും തുർക്കിയും വ്യപാരം നടത്തിയ വിഴിഞ്ഞം: നാള്‍വഴികളും സമരങ്ങളും പറഞ്ഞ് കടകംപള്ളി

തിരുവനന്തപുരം: വിഴിഞ്ഞം കേരള വികസനത്തിന്റെ നാഴികകല്ലായി മാറുമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. കേവലം ഒരു തുറമുഖ പദ്ധതി എന്നതിനേക്കാൾ ഉപരി ടൂറിസം, വ്യവസായം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ പോകുന്ന സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം നമ്മൾ കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു. ഇപ്പോൾ ഭരണത്തിൽ വന്നപ്പോൾ നിങ്ങൾക്ക് ഉത്സാഹം. ഇത് ഇരട്ടത്താപ്പ് അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എന്നും വിഴിഞ്ഞത്തിനൊപ്പം നിന്നിട്ടുള്ളവർ ആണ് ഇടതുപക്ഷവും സിപിഎമ്മെന്നും അദ്ദേഹം പറയുന്നു. കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

vizhinjam

ദൈവത്തിന്റെ സ്വന്തംനാടിന് പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാണ് അറബിക്കടലിന്റെ തീരത്തുള്ള മനോഹര മത്സ്യബന്ധന ഗ്രാമമായ വിഴിഞ്ഞം. നാളെ കേരള വികസന ചരിത്രത്തിലെ നാഴികകല്ലായി മാറുന്നതും ഇതേ വിഴിഞ്ഞം തന്നെയാവും. ഒരുകാലത്ത് ലോകത്തിന്റെ കടല്‍ സഞ്ചാരനിയമം രൂപപ്പെടുത്തുതില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ഇന്ത്യയും കേരളവും. ഈജിപ്തുമായി നേരിട്ടുള്ള വ്യാപാരം ലോകകച്ചവടക്കാരെ കേരളത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇത്തരമൊരു തിരിച്ചുവരവിന് ഇന്ത്യയെ പ്രാപ്തമാക്കാന്‍ പര്യാപ്തമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. വരും കാലത്തെ സാധ്യതകള്‍ മുന്നില്‍ കണ്ട് ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റിയെടുക്കാന്‍ നമുക്കു കഴിയും. കേവലം ഒരു തുറമുഖ പദ്ധതി എന്നതിനേക്കാൾ ഉപരി ടൂറിസം, വ്യവസായം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ പോകുന്ന സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം.

വിഴിഞ്ഞം തുറമുഖത്തിന് ചരിത്രത്തില്‍ വളരെയേറെ പ്രസക്തിയുണ്ട്. കേരള സര്‍വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ എ.ഡി. 620-ലെ വിഴിഞ്ഞം പ്രധാന തുറമുഖമായിരുുവെന്നത് കണ്ടെത്തിയിട്ടുണ്ട്. റോമിലേയും മെസപ്പെട്ടോമിയയിലേം സഞ്ചാരികള്‍ അവരുടെ കുറിപ്പുകളില്‍ വിഴിഞ്ഞത്തെ പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, അജഞാതനായ നാവികന്റെ ' പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ' എന്ന യാത്രാവിവരണത്തിലും വിഴിഞ്ഞത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.

'ആയ്' രാജാക്കന്‍മാരുടെ തുറമുഖ നഗരമായിരുന്ന വിഴിഞ്ഞം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രധാന സൈനിക കേന്ദ്രവും. 990 കാലഘട്ടത്തില്‍ ഈ പ്രദേശം രാജരാജ ചോളന്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും രാജേന്ദ്രചോള പട്ടണം എന്നു നാമകരണം ചെയ്യുകയും ചെയ്തു. മദ്രാസ് മ്യൂസിയത്തില്‍ ലഭ്യമായിട്ടുള്ള ഏടില്‍ 781 ല്‍ പാണ്ഡ്യചക്രവര്‍ത്തിയായ നെടുംചടയന്‍ വേണാട് ആക്രമിക്കുകയും രാജാവിനെ വധിച്ച് തലസ്ഥാനമായിരുന്ന വിഴിഞ്ഞം നഗരവും കോട്ടയും സമ്പത്തും കീഴടക്കിയതായും പറയുന്നുണ്ട്.

ചൈന, ഇറാന്‍, തുര്‍ക്കി, പേര്‍ഷ്യ തുടങ്ങിയവിടങ്ങളില്‍ നിന്നും മൂന്നാം നൂറ്റാണ്ടില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് വ്യാപാര കപ്പലുകള്‍ അടുത്തതിന്റെ തെളിവുകളും ഇവിടത്തെ ഗവേഷണത്തില്‍ കണ്ടെത്താനായി. ഡച്ച്, ബ്രിട്ടീഷ് വ്യാപാരികള്‍ അവശേഷിപ്പിച്ച തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

തുറമുഖ വികസനത്തിന് ഇത്രയും പ്രകൃതി ദത്തമായ സൗകര്യങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരിടം ഇന്ത്യയിലില്ല. ഏറ്റവുമധികം കേവു ഭാരമുള്ള കപ്പലിനുപോലും അനായാസം നങ്കൂരമിടാന്‍ കഴിയും വിധം 18 മുതല്‍ 20 മീറ്റര്‍ വരെയാണ് ആഴം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം നമ്മൾ കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഐഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്.

സിപിഐഎം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു. ഇപ്പോൾ ഭരണത്തിൽ വന്നപ്പോൾ നിങ്ങൾക്ക് ഉത്സാഹം. ഇത് ഇരട്ടത്താപ്പ് അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എന്നും വിഴിഞ്ഞത്തിനൊപ്പം നിന്നിട്ടുള്ളവർ ആണ് ഇടതുപക്ഷവും സിപിഐഎമ്മും.

വാസ്തവത്തിൽ വി.എസ് സർക്കാരും പോർട്ട് മന്ത്രി ആരുന്ന എം.വിജയകുമാറുമാണ് വിഴിഞ്ഞം പദ്ധതി കരക്കെത്തിച്ചു ടെന്റർ ചെയ്തത്. എന്നാൽ കരാർ ലഭിച്ച zoom developers എന്ന കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡർ ചൈനീസ് കമ്പനി ആണെന്ന കാരണം പറഞ്ഞു കൊണ്ട് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. കൊച്ചി മെട്രോക്ക് കേന്ദ്ര ഭരണം ഉപയോഗിച്ച് അനുമതി വൈകിപ്പിച്ചതും ഇതേ കാലത്തിലാണ് എന്നുള്ളത് സാന്ദർഭികമായി ഞാൻ ഓർക്കുകയാണ്.

പിന്നീട് 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. അതിവേഗം ബഹുദൂരം എന്നൊക്കെയായിരുന്നു പരസ്യ വാചകം എങ്കിലും വേഗത അഴിമതി കാട്ടുന്നതിൽ മാത്രമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതി. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന് പദ്ധതി റീടെൻഡർ ചെയ്തു കരാറിൽ ഏർപ്പെടുവാൻ 2015 ഓഗസ്റ്റ് വരെ സമയം എടുത്തു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഒന്നിച്ചു വന്നാൽ കേരളത്തിൽ വികസനം കോരി ചൊരിഞ്ഞു കളയുമായിരുന്നു എന്നായിരുന്നു വാഗ്‌ദാനം എങ്കിലും അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശ്രീ എകെ ആന്റണിക്ക് പോലും യുഡിഎഫിന്റെ കാലത്ത് കേരളത്തിലേക്ക് വികസന പദ്ധതി അനുവദിക്കുവാൻ ധൈര്യമില്ല എന്ന് പരസ്യമായി പറയേണ്ടി വന്നതും അക്കാലത്താണ്.

ഇക്കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റവും ശക്തമായ ശബ്ദം ഉയർത്തിയിരുന്നത് ഇടതുപക്ഷമായിരുന്നു. പ്രതിപക്ഷമെന്നാൽ വികസന പദ്ധതികൾക്ക് തുരങ്കം വെക്കുന്നവർ അല്ല എന്ന് ഞങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് അക്കാലത്ത് നടത്തിയ ചില സമരങ്ങൾ ഓർക്കുകയാണ്.

1. 23-10-2012 ന് അന്താരാഷ്ട്ര തുറമുഖ ലോബിക്ക് വേണ്ടി വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നു - തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് പറഞ്ഞുള്ള LDF ജനകീയ കൺവെൻഷൻ. ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് ആയിരുന്ന സ: കോടിയേരി

2. 3 - 4 - 2013 ല്‍ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്മ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.

3. 16 - 4 - 2013 ന് വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതിനെതിരെ വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യ ചങ്ങല . സഖാവ് പിണറായി ആദ്യ കണ്ണി. സ: പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.

4. തിരുവനന്തപുരം ജില്ല സാക്ഷ്യം വഹിച്ചുട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ സമരം വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തിയ, 212 ദിവസം നീണ്ടു നിന്ന ആ സമരം ഉദ്ഘാടനം ചെയ്ത നേതാവിന്റെ പേര് പിണറായി വിജയന്‍ എന്നായിരുന്നു. ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും എല്ലാം പാർട്ടി പ്രവർത്തകർ സമരപന്തലിൽ തുറമുഖത്തിനായി സത്യഗ്രഹമിരുന്നു. ഓരോ ദിവസവും പാര്‍ട്ടിയുടെ ഓരോ ലോക്കല്‍കമ്മിറ്റികള്‍ക്ക് ചുമതല നല്‍കി സംഘടിപ്പിച്ച ആ ഉജ്ജ്വല സമരം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എനിക്കേറെ അഭിമാനം പകരുന്നതാണ്.

തെരുവുകളില്‍ മാത്രമല്ല നിയമസഭക്ക് ഉള്ളിലും ഞങ്ങള്‍ വിഴിഞ്ഞം തുറമുഖത്തിനായി ശബ്ദമുയര്‍ത്തി.

1. 2014 ജനുവരി 8 ന് പ്രതിപക്ഷ നേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ ഇവിടെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കുകയുണ്ടായി. ആ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം പ്രമേയം അവസാനിക്കുന്നത് "വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണം" എന്നാണ്.

2. 2014 ഫെബ്രുവരി 3 ന് ഇടതുപക്ഷ സാമാജികരായ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഴിഞ്ഞം മദര്‍ പോര്‍ട്ട്‌ ആക്ഷന്‍ കൌണ്‍സില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ അവതരിപ്പിക്കുന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനു പോലും മുന്‍പ്‌ തന്നെ ഈ സഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയും ഇന്ന് തൃപ്പൂണിത്തുറ അംഗം അന്ന് പറയുന്നത് "ജനങ്ങള്‍ക്ക് ഇതില്‍ ആശങ്കയുള്ളതായി കാണുന്നില്ല. ഇതിനെക്കാള്‍ പ്രാധാന്യമുള്ള തെരുവ് നായ്ക്കളുടെ ശല്യം ചര്‍ച്ച ചെയ്യാം" എന്നായിരുന്നു. വര്‍ഷങ്ങളുടെ തഴക്കവും പഴക്കവും അനുഭവസമ്പത്തും കേമത്തം പറയുന്നവര്‍ പറഞ്ഞതാണ് ഈ മറുപടി. അന്നത്തെ ഭരണപക്ഷത്തിന്റെ വികസന വിരുദ്ധവും കേരളത്തില്‍ അന്നേ സംഭവിക്കുമായിരുന്ന കുതിച്ചു ചാട്ടത്തെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന നിലയിലുള്ള മറുപടിയില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ ഈ സഭാങ്കണത്തില്‍ നിന്നും വാക്കൗട്ട് നടത്തുന്നത്.

ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പുമായി യുഡിഎഫ് സർക്കാർ കരാറിൽ ഏർപ്പെട്ടു. ആ കരാറിലെ പല വ്യവസ്ഥകളോടും ഞങ്ങൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അതിലെ പല വ്യവസ്ഥകളും സംസ്ഥാന താല്പര്യത്തിനു യോജിക്കുന്നത് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാവിയും പ്രാധാന്യവും മുന്നിൽ കണ്ടു കൊണ്ടാണ് വിഴിഞ്ഞം തുറമുഖ കരാറിനോട് ഇടതുപക്ഷത്തിന് പല വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവുന്നത്. ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുഖ്യമന്ത്രി ആവുന്നതിനു മുമ്പ് , 2016 ജനുവരി 1 നു കോടിയേരി ബാലകൃഷ്ണൻ സഖാവിനും ഐസക്ക് സഖാവിനുമൊപ്പം നടത്തിയ ഒരു പത്ര സമ്മേളനം ഞാൻ ഓർക്കുകയാണ്. ഞാനും അന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അന്നദ്ദേഹം പറഞ്ഞത് "ചില വികസന വിരുദ്ധരായിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. എല്ലാ കാര്യങ്ങളെയും എതിർക്കാൻ തയ്യാറാവുന്നവർ. യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിരുദ്ധർ. വികസന വിരുദ്ധ നിലപാട് ഒരുകാലത്തും പാർട്ടി സ്വീകരിച്ചിരുന്നില്ല.

വികസന വിരുദ്ധരെ ഞങ്ങളുടെ കൂട്ടത്തിൽ ആരും പിന്തുണക്കുകയില്ല." എന്നാണ്. ഞങ്ങൾ പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ നിലപാട് ഇതായിരുന്നു. ഞങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് ഇടംകോലിടാൻ പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ശ്രമിച്ചിരുന്നില്ല. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്തിരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുന്നതിനു വേണ്ടി ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്. അപ്പോഴും പദ്ധതികൾക്കെതിരെ ഞങ്ങൾ സമരം ചെയ്തിരുന്നില്ല.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ അടുക്കുമ്പോൾ മലയാളികൾ വിശിഷ്യാ തിരുവനന്തപുരത്തുകാരുടെ ദീർഘകാല സ്വപനമാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ശബ്ദം ഉയർത്തിയ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വിഴിഞ്ഞത്തിനു വേണ്ടി സിപിഐഎം സംഘടിപ്പിച്ച ധാരാളം സമരങ്ങൾക്ക് നേതൃത്വം പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ എനിക്കും വളരെ വലിയ അഭിമാനമാണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+