സൗദി അറേബ്യയോട് സലാം പറയാം; കൊല്ലത്ത് ക്രൂഡ് ഓയില്‍ പര്യവേക്ഷണം, ബ്രിട്ടീഷ് കമ്പനി വരുന്നു
കൊല്ലം: ഇന്ത്യയുടെ വിദേശ നാണയ വരുമാനം വന്‍തോതില്‍ ചെലവാകുന്നത് എണ്ണ ഇറക്കുമതിക്ക് വേണ്ടിയാണ്. സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നും റഷ്യ, അമേരിക്ക, ഇറാഖ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇവ സംസ്‌കരിച്ച് പിന്നീട് ഡീസലും പെട്രോളുമാക്കി ഉപയോഗിക്കുകയാണ് ചെയ്യുക.
ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നാമമാത്രമായ അളവില്‍ മാത്രമേ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ എണ്ണ ശേഖരമുണ്ട് എന്ന് പലപ്പോഴായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ പലിയടത്തും നടത്തിയ പര്യവേക്ഷണം ഫലം കണ്ടില്ല. കൊല്ലം തീരത്ത് സന്തോഷ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിശദമായ പരിശോധനയ്ക്ക് വേണ്ടി ഒരുങ്ങുകയാണ് പൊതുമേഖല സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുമായി ഓയില്‍ ഇന്ത്യ പര്യവേക്ഷണ കരാറില്‍ ഒപ്പുവച്ചു. 1287 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചിട്ടുള്ളത്. ഈ വര്‍ഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും. കൊല്ലത്തിന് പുറമെ മറ്റു രണ്ട് ഇന്ത്യന്‍ തീരങ്ങളില്‍ കൂടി പര്യവേക്ഷണം നടക്കും.
ആന്ധ്ര പ്രദേശിലെ അമലാപുരം, കേരള-കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലും പര്യവേക്ഷണം നടത്താനിരിക്കുകയാണ്. ഡോള്‍ഫിന്‍ ഡ്രില്ലിങ് എഎസ് എന്ന കമ്പനി ഈ രണ്ടിടങ്ങളിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൊല്ലത്ത് 48 കിലോമീറ്റര്‍ അകലെ കടലിലാണ് പര്യവേക്ഷണം നടക്കുക. ഇതിനുള്ള പശ്ചാത്തല സൗകര്യവും ഓഫീസും സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രവും ഒരുക്കുക കൊല്ലം തുറമുഖത്തായിരിക്കും.
കൂറ്റന്‍ എണ്ണക്കിണറുകള്‍ നിര്‍മിക്കുകയാണ് ആദ്യം ചെയ്യുക. കടല്‍ നിരപ്പില്‍ നിന്നും 6000 മീറ്റര്‍ ആഴമുള്ളതാകും കിണറുകള്‍. 2020ല്‍ ഓയില്‍ ഇന്ത്യ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ വിശദമായ പര്യവേക്ഷണമാണ് നടക്കാന്‍ പോകുന്നത്. എണ്ണയും വാതകവും കൊല്ലം തീരത്തുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പര്യവേക്ഷണത്തില്‍ ശുഭവാര്‍ത്ത ലഭിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മുതല്‍കൂട്ടാകും.
നേരത്തെ കൊച്ചിയിലും കൊടുങ്ങല്ലൂരും സമാനമായ രീതിയില്‍ എണ്ണ ശേഖരമുണ്ടെന്ന് സൂചന ലഭിച്ചിരുന്നു എങ്കിലും പര്യവേക്ഷണത്തില്‍ സന്തോഷ വാര്‍ത്ത കിട്ടിയില്ല. ആഭ്യന്തരമായി എണ്ണ കണ്ടെത്തിയാല്‍ ഇന്ത്യ നിലവില്‍ തുടരുന്ന ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ എണ്ണയ്ക്ക് വിലക്കുറവുള്ള രാജ്യങ്ങള്‍ തേടി പിടിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.
സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ പരമ്പരാഗതമായി എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാഖില്‍ നിന്നും റഷ്യയില്‍ നിന്നും പിന്നീട് ഇറക്കുമതി വര്‍ധിപ്പിച്ചു. നിലവില്‍ അമേരിക്ക, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുകൂടി ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് കൊല്ലം തീരത്തെ പര്യവേക്ഷണം.












Click it and Unblock the Notifications