'ഡെൽറ്റ വൈറസിനേക്കാൾ വ്യാപനശേഷി ഉണ്ടാകും';മൂന്നാം തരംഗത്തിന് സാധ്യത, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിനെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി. അലംഭാവം അപകടമുണ്ടാക്കും. മൂന്നാംതരംഗത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ട മാസ്ക്കുകള്‍ ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകള്‍.

മൂന്നാം തരംഗത്തിന്‍റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കും. ഡെല്‍റ്റാ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്‍റെ ആവിര്‍ഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം.
മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചര്‍ച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications