കാട്ടുകൊമ്പന്റെ മസ്തകവും തുമ്പിക്കൈയും പുഴുവരിച്ചു; തലച്ചോറില്‍ അണുബാധ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: ആനകളുടെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ ചെരിഞ്ഞ കാട്ടുകൊമ്പന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിരപ്പിള്ളി വനത്തില്‍ നിന്ന് പിടികൂടി കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടുകൊമ്പന്‍ ചികിത്സ്‌ക്കിടെയാണ് ചരിഞ്ഞത്. മസ്തകത്തില്‍ ആഴത്തില്‍ പരിക്കേറ്റ ആനയുടെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
ഇന്നലെ പകല്‍ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ കൊമ്പന്‍ ചരിഞ്ഞത്. മസ്തകത്തിലെ മുറിവില്‍ നിന്നുള്ള അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. മസ്തകത്തിലെ മുറിവ് കാരണം ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മസ്തകത്തിലെ മുറിവ്, കാട്ടില്‍ വച്ച് മറ്റൊരു ആനയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. മസ്തകത്തിലെ മുറിവ് തന്നെയാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. രാത്രി പത്ത് മണി വരെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നീണ്ടു.
മസ്തകത്തില്‍ ആഴത്തില്‍ മുറിവേറ്റ് വനത്തില്‍ അലഞ്ഞ കാട്ടുകൊമ്പനെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ചികിത്സയിലൂടെ ആനയുടെ ആരോഗ്യനില തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ ആന കൂട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീഴുന്നതിന് മുന്‍പ് വരെ ആന തീറ്റയെടുത്തിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ആന ചരിയുകയായിരുന്നു. ആനപരിപാലന കേന്ദ്രത്തിന് സമീപത്തെ വനപ്രദേശത്ത് അര്‍ധരാത്രിയോടെ ആനയുടെ മൃതദേഹം സംസ്‌കരിച്ചു.












Click it and Unblock the Notifications