പോസ്റ്റ് ഓഫീസ് നിക്ഷേപം; ഇനി ഡബിൾ ധമാക്ക..നിക്ഷപ പരിധിയും പലിശ നിരക്കും ഉയർത്തി
പോസ്റ്റ് ഓഫീസിലെ പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? അതോ ഇതിനോടകം തന്നെ നിക്ഷേപിച്ച് കഴിഞ്ഞോ? രണ്ടായാലും ഇനി ലാഭമാണ്. പ്രതിമാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധിയും പലിശ നിരക്കും ഉയർത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഒരു വ്യക്തമിക്ക് നേരത്തേ 4.5 ലക്ഷം വരേയായിരുന്നു നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ പരമാവധി 9 ലക്ഷം രൂപയും. എന്നാൽ 2023 ഏപ്രിൽ ഒന്ന് മുതൽ വ്യക്തിഗത നിക്ഷേപങ്ങളുടെ പരിധി 9 ലക്ഷമായും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം വരേയും നിക്ഷേപിക്കാൻ സാധിക്കും.
പലിശ നിരക്കും ഉയർത്തിയിട്ടുണ്ട്.

ഏപ്രിൽ 1 മുതൽ, പുതിയ നിക്ഷേപങ്ങൾക്ക് സ്കീമിന് പ്രതിവർഷം 7.4 ശതമാനമായിരിക്കും പലിശ നിരക്ക്. നേരത്തേ ഇത് 7.10 ശതമാനമായിരുന്നു, അതായത് 0.30 ശതമാനത്തിന്റെ വർധനവ്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്രസർക്കാർ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ അവലോകനം ചെയ്യുകയും അത് പുതുക്കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. പദ്ധതിയെ കുറിച്ച് കൂടുതൽ അറിയണമെന്നാണോ? വിശദമായി അറിയാം
എന്താണ് പോസ്റ്റ് ഓഫീസ് നിക്ഷേപ വരുമാന പദ്ധതി?
മാസത്തിൽ പലിശ വരുമാനം വേണമെന്നവർക്കുള്ള ഏറ്റവും മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസിലെ പ്രതിമാസ വരുമാന പദ്ധതി. ഏത് വ്യക്തികൾക്കും പദ്ധതി പ്രകാരം നിക്ഷേപം നടത്താം. മുതിർന്ന പൗരൻമാർക്കും നിക്ഷേപം നടത്താൻ സാധിക്കും. വ്യക്തിഗത നിക്ഷേപമായും ജോയിന്റ് ആയും പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിക്കാനാകും. കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. എന്നാൽ നിക്ഷേപിക്കേണ്ട തുകയുടെ പരിധി വ്യത്യാസമായിരിക്കും.

പദ്ധതിയുടെ കാലാവധി എത്ര?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എല്ലാ മാസവും പദ്ധതിക്ക് കീഴിൽ ഒരു നിശ്ചിത പലിശ നേടാൻ സാധിക്കും. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. അഞ്ച് വർഷത്തിന് ശേഷം പലിശയും ചേർത്ത് നിക്ഷേപം പിൻവലിക്കാം. അഞ്ച് വർഷത്തിന് ഇടയിലും പണം പിൻവലിക്കാം. അതേസമയം നിക്ഷേപം തുടങ്ങി ഒരു വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല.
മുഴുവൻ തുകയും ലഭിക്കുമോ?
അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷത്തിന് ശേഷവും 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ നിക്ഷേപ തുകയുടെ 2 ശതമാനം കുറച്ചതിന് ശേഷമായിരിക്കും ബാക്കി തുക നൽകുക. 3 വർഷത്തിന് ശേഷവും 5 വർഷത്തിന് മുമ്പും ആണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ നിക്ഷേപ തുകയുടെ 1 ശതമാനം കുറച്ചതിന് ശേഷമായിരിക്കും ബാക്കി തുക നൽകുക.












Click it and Unblock the Notifications