പിപി ദിവ്യക്ക് ജാമ്യം: 11 ദിവസത്തിന് ശേഷം ജയിലിന് പുറത്തേക്ക്, പ്രതീക്ഷിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ
കണ്ണൂർ: മുന്‍ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജയിലില്‍ അടക്കപ്പെട്ട പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയാണ് 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
കോടതി ഇന്ന് ചേർന്നതിന് ശേഷം ആദ്യം പരിഗണിച്ചത് ദിവ്യയുടെ ജാമ്യാപേക്ഷയായിരുന്നു പരിഗണിച്ചത്. ഒറ്റവാക്കില്‍ ജാമ്യം അനുവദിക്കുന്നുവെന്ന വിധി പുറപ്പെടുവിച്ച കോടതി അടുത്ത കേസിലേക്ക് കടക്കുകയും ചെയ്തു. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. ദിവ്യയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിക്കാത്തതും കോടതി പരിഗണനയിലെടുത്താണ് ജാമ്യം അനുവദിക്കപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതുവരേയുള്ള അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സഹകരിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ജാമ്യ ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി. മൂന്‍കൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളിയ ഉടനെ തന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തി കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ചാരത്തിനിടയില്‍ കനല്‍ക്കട്ടയെന്ന പോലെ സത്യമുണ്ട്, അത്തരം കുറേ സത്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നുമായിരുന്നു ജാമ്യം നേടിയെടുത്തതിന് പിന്നാലെ ദിവ്യയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. കുറേകാര്യങ്ങള്‍ കൂടി കോടതിയുടെ ബോധിപ്പാക്കാനുണ്ട്. ആ സാഹചര്യത്തില്‍ പി പി ദിവ്യയുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്. നിലവിലുള്ള തെളിവ് നിയമങ്ങളും ശാസ്ത്രീയ തെളിവുകളും ഞങ്ങളുടെ സഹായത്തിനെത്തും. ബഹളങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് സത്യത്തെ മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിപി ദിവ്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി ആശ്വാസകരമാണ്. സ്വാഭാവികമായും ഇന്ന് മൂന്ന് മണിയോട് കൂടി വിധിയുടെ പകർപ്പ് കിട്ടും. അതിന് ശേഷം ഇന്ന് തന്നെ ജയില്‍ മോചിതയാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സത്യം എന്താണെന്ന് തെളിയിക്കേണ്ട ആവശ്യം പ്രതിയാണെന്ന് ആരോപിക്കപ്പെട്ട ആളുടെതാണ്. ഇനിയും നിരവധി സുപ്രധാന തെളിവുകള്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ കൂട്ടിച്ചേർത്തു.
പി പി ദിവ്യക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യയുടെ പ്രതികരണം. അഭിഭാഷകരുമായി കൂടിയാലോചിച്ചതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കും. ജാമ്യം ലഭിക്കില്ലെന്നാണ് ആഗ്രഹിച്ചിരുന്നത്. ഈ ഘട്ടത്തില്‍ അത്രമാത്രമേ പ്രതികരിക്കാന്‍ സാധിക്കുകയുള്ളു. എന്തായാലും നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച ശേഷം തുടർ നടപടികള്‍ തീരുമാനിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകയും വ്യക്തമാക്കി.












Click it and Unblock the Notifications