ചാണ്ടി ഉമ്മന് ഓസ്‌കാര്‍ കൊടുക്കണം; വീണയ്ക്കു പിന്തുണയുമായി പിപി ദിവ്യ: എന്തു യോഗ്യതയെന്ന് വിമര്‍ശനം
കണ്ണൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പിന്തുണയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നവീന്‍ ബാബു മരണത്തിലെ ആരോപണ വിധേയയുമായ പിപി ദിവ്യ. വലതു മാധ്യമങ്ങള്‍ക്ക് റേറ്റിംഗിനുള്ള ഒരു ഇര മാത്രമാണ് വീണ ജോര്‍ജ് എന്നും ചാണ്ടി ഉമ്മന്‍ കാണിക്കുന്ന പ്രകടനത്തിന് ഓസ്‌കാര്‍ എങ്കിലും കൊടുക്കേണ്ടതാണെന്നും ദിവ്യ പരിഹസിച്ചു.
കോട്ടയം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിപക്ഷത്തിനെതിരെയായിരുന്നു ദിവ്യയുടെ രൂക്ഷ വിമര്‍ശനം. വീണ ജോര്‍ജിന് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം. അധികാരത്തിന്റെ ചെങ്കോല്‍ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന കോപ്രായങ്ങളാണ് ഇതെന്ന് ദിവ്യ വിമര്‍ശിച്ചു.

അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിരു കൂടുമെന്നും കൂടെയുള്ളവരെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക എന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും ദിവ്യ ഓര്‍മ്മിപ്പിക്കുന്നു. ദിവ്യയുടെ ഈ പോസ്റ്റ് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ദിവ്യയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഒരാളെ മരണത്തിലേക്ക് തള്ളിവിട്ട നിങ്ങള്‍ക്ക് ഇത് പറയാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നാണ് പലരും ചോദിക്കുന്നത്.
'ബിന്ദുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ കാരണം അനാഥരായ നവീന്‍ ബാബുവിനെ കുടുംബത്തിന്റെ സംരക്ഷണം ആരാണ് ഏറ്റെടുക്കുക എന്നുകൂടി പറയണം എന്നാണ് ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ദിവ്യയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങളാണ് കമന്റ് ബോക്‌സില്‍ കൂടുതലും. നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന താങ്കള്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് വീട്ടിലിരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
'മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്..
"Dog's will bark, but the elephant keeps walking"
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.. വലതു മാധ്യമങ്ങൾക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്. ഇടതു ഭരണത്തിന്റെ തുടർച്ചയിൽ അധികാരം, ചെങ്കോൽ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കോപ്രായങ്ങൾ ജനം പുച്ഛത്തോടെ തള്ളികളഞ്ഞു കഴിഞ്ഞു.
ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാർ എങ്കിലും കൊടുക്കേണ്ടതാണ്.. കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ...യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മുണ്ടക്കയത്തെ 30 വീടിനു വേണ്ടി പിരിച്ചെടുത്തു മുക്കിയ കോടികളെ കുറിച്ച് ഇനി ആരും ചോദിക്കുകയും ചെയ്യരുത്..
അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ
എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ
കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്...' - ഇതായിരുന്നു ദിവ്യയുടെ വരികള്‍.












Click it and Unblock the Notifications