പിപി ദിവ്യയെ കോടതിയും കൈവിട്ടു: മുന്‍കൂർ ജാമ്യാപേക്ഷ തള്ളി, ഇനി ഹൈക്കോടതിയിലേക്കോ? അതോ കീഴടങ്ങലോ?
തലശ്ശേരി: കണ്ണൂർ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി പി ദിവ്യയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ സാഹചര്യത്തിലായിരുന്നു പി പി ദിവ്യ മുന്‍കൂർ ജാമ്യാപേക്ഷയുമായി തലശ്ശേരി പ്രിന്‍സിപ്പില്‍ കോടതിയെ സമീപച്ചത്.
ഇന്ന് കോടതി പ്രവർത്തനം ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ പരിഗണിച്ചത് പി പി ദിവ്യയുടെ മുന്‍കൂർ ജാമ്യഹർജിയായിരുന്നു. എന്നല്‍ വെറും ഒന്നര മിനുറ്റിന്റെ നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഹർജി തള്ളുന്നതായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

'മുന്‍കൂർ ജാമ്യാപേക്ഷ തള്ളി' എന്ന പരാമർശം മാത്രമാണ് ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി തിരിച്ചടിയായ സാഹചര്യത്തില്‍ പി പി ദിവ്യ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം, ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കീഴടങ്ങണമെന്ന നിർദേശം സി പി എം നല്‍കിയതായി റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിവ്യ കീഴടങ്ങാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കോടതി പരിസരത്ത് പൊലീസ് ശക്തമായ കാവലേർപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പ്രതിചേർക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുകയാണ് പിപി ദിവ്യ. അതിനിടെ കണ്ണൂരിലെ ആശുപത്രിയില്‍ ദിവ്യ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതർ തയ്യാറായില്ല.
കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് സഹപ്രവർത്തകർ നല്‍കിയ യാത്രയിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവന്ന പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നത്. എ ഡി എമ്മിനെ മരണം വലിയ രാഷ്ട്രീയ വിവാദമായതോടെ പി പി ദിവ്യയെ സി പി എം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications