ലേലു അല്ലു, ലേലു അല്ലു... വീണ്ടും കാരാട്ട്
തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കുറ്റ സമ്മതം അവസാനിക്കുന്നില്ല. രാഷ്ട്രീയ സാഹച്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ കാരാട്ട് വീണ്ടും കുറ്റസമ്മതവും മാപ്പുപറച്ചിലുമായി രംഗത്ത്.
പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും നയിക്കുന്ന സമരങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കാരാട്ടിന്റെ കണ്ടെത്തല്‍. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാരാട്ട് സ്വയം വിമര്‍ശിക്കുന്നു. തൃശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയിലാണ് കാരാട്ടിന്റെ കുറ്റസമ്മതം.

പാര്‍ട്ടിക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ കാരാട്ട് ഓരോന്നായി എണ്ണിയെണ്ണി പറയുന്നുണ്ട്. രാജ്യത്തുണ്ടായ സാമൂഹ്യവും സാമ്പത്തികവും ആയ മുന്നേറ്റങ്ങളെ കാരാട്ടിന്റെ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനും തിരിച്ചറിയാനും കഴിഞ്ഞില്ലത്രെ. പാര്‍ട്ടിയുടെ രാഷ്ട്രീയ നയം തന്നെ പുന:പരിശോധിക്കേണ്ട സ്ഥിതിയായെന്നും കാരാട്ട് തുറന്ന് പറയുന്നുണ്ട്.
മുന്നണി സംവിധാനത്തേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തുന്നുണ്ട. പ്രാദേശികമായ ഒത്തുതീര്‍പ്പുകള്‍ പാര്‍ട്ടിയെ പലതരത്തില്‍ ബാധിച്ചു. പലതിനോടും വഴങ്ങേണ്ടി വന്നു, ഒത്തുതീര്‍പ്പ് ചെയ്യേണ്ടി വന്നു.
സിപിഎമ്മിനെ സംബന്ധിച്ച് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ജനറല്‍ സെക്രട്ടറി ഇത്തരം പൊതു കുറ്റസമ്മതം നടത്തുന്നത്. പാര്‍ട്ടിയെ നയിക്കുന്നതിലെ പരാജയം മറച്ചുവക്കാതെയാണ് കാരാട്ടിന്റെ പ്രതികരണങ്ങള്‍.
പ്രകാശ് കാരാട്ട് ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും വിഎസ് അച്യുതാനന്ദന്‍ മുമ്പ് പറഞ്ഞതായിരുന്നു. അന്ന് പാര്‍ട്ടി വിരുദ്ധന്‍ എന്ന് പറഞ്ഞ് വിഎസിനെ ഒതുക്കി നിര്‍ത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ കാരാട്ടിനെതിരെ ചെറുവിരല്‍ പോലും അനക്കാനാവാത്ത സ്ഥിതിയാണ്.












Click it and Unblock the Notifications