'പ്രകാശ് രാജിനെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് ദിപ്കെയുടെ അടുത്ത് ഇരുന്നു', വീഡിയോക്ക് എതിരെ പി രാജീവ്
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ വെച്ച് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട എഡിറ്റഡ് വീഡിയോ വഴി നടക്കുന്ന വ്യക്തിഹത്യക്കെതിരെ മുൻ മന്ത്രി പി രാജീവ് രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് അടക്കമുളളവർ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു.
വേദിയിൽ വെച്ച് പ്രകാശ് രാജിനെ പി രാജീവ് എഴുന്നേൽപ്പിച്ച് അഭിജീത് ദീപ്കെയുടെ സമീപത്തുളള കസേരയിൽ ഇരുന്നുവെന്ന തരത്തിലാണ് വിഡീയോ എഡിറ്റ് ചെയ്തുളള പ്രചാരണം.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ചിത്രങ്ങളും വീഡിയോകളും ദുരുപയോഗപ്പെടുത്തി വ്യാജനിർമ്മിതികളിലൂടെ വ്യക്തിഹത്യക്ക് ശ്രമിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കാണാം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ജന്തർമന്തിർ പരിപാടിയിൽ നടൻ പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ധാർഷ്യത്തോടെ ഞാനിരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചില സുഹൃത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. Kaithapully channel എന്ന യുട്യൂബ് ചാനലും ഒരാൾ അയച്ചുതന്നു.

അതിൽ ആദ്യം ഞാൻ പ്രകാശ് രാജിൻ്റെ അടുത്തുചെല്ലുന്നു. അദ്ദേഹം എഴുന്നേൽക്കുമ്പോൾ ഞാൻ സമീപത്തെ കസേരയിലിരിക്കുന്നു. പിന്നീട്ഞാൻ അഭിജിത്ത് ദിപ്കേയുടെ അടുത്തിരിക്കുന്ന വിഷ്വലുകൂടി കാണിക്കുന്നു. ഇതു വഴി ഒരു അഭിപ്രായം രൂപീകരിക്കാൻ ശ്രമിക്കുന്നു. ഇനി ഒറിജിനൽ വീഡിയോ നോക്കു.
പരിപാടി നടക്കുന്നതിനിടയിൽ എത്തിയ ഞാൻ പ്രകാശ് രാജിനടുത്തുള്ള കസേരയിലാണ് ഇരുന്നത്. അഭിജിത്ത് പ്രസംഗം കഴിഞ്ഞുവന്നപ്പോൾ ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. പിന്നീട് പ്രകാശ് രാജിരുന്ന കസേരയിൽ അഭിജിത്ത് ഇരുന്നു. പ്രകാശ് രാജ് സൈഡിലുള്ള കസേരയിൽ ഇരിക്കാൻ പോയപ്പോൾ ഞാൻ ഇരുന്ന കസേര ഒഴിഞ്ഞ് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് ഇരുത്തുന്നു. അവർ രണ്ടുപേരും ഒന്നിച്ചിരിക്കേണ്ടവരാണല്ലോ. ആ വരിയിൽ ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാനിരിക്കുകയും ചെയ്തു.
പിന്നീട് പ്രകാശ് രാജ് എഴുന്നേറ്റ് പോയ ഘട്ടത്തിൽ അഭിജിത്തിനോട് ഒരു കാര്യം പറയാൻ ഞാൻ അടുത്തേക്ക് പോയി ആ കസേരയിൽ വന്നിരുന്നു. ആ സമയം തിരിച്ചുവന്ന പ്രകാശ് രാജ് സൈഡിലുള്ള ഞാനിരുന്ന കസേരയിലിരിക്കുന്നു. അഭിജിത്തിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ തിരിച്ച് ചെന്ന് പ്രകാശ് രാജിനെ മധ്യത്തിലുള്ള അഭിജിത്തിന്റെ അടുത്തു അദ്ദേഹമിരുന്ന കസേരയിലേക്ക് ക്ഷണിച്ച് ഞാൻ നേരത്തെയിരുന്ന കസേരയിലിരിക്കുന്നു. ഇതാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
വായക്കഷ്ണം:വലിയ റീച്ചൊന്നുമില്ലല്ലോ എന്നു കരുതി വേണമെങ്കിൽ അവഗണിക്കാമെങ്കിലും എത്ര മാത്രം നികൃഷ്ടമായ രീതികൾ ആളുകൾ അവലംബിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നതു കൊണ്ടാണ് ഈ പോസ്റ്റ്''.



Click it and Unblock the Notifications
