'സുധാകരന് പണം വീക്ക്‌നെസാണ്, വനം മന്ത്രിയായിരുന്നപ്പോള്‍ അഴിമതി നടത്തി'; പ്രശാന്ത് ബാബു
കണ്ണൂര്‍: കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വീണ്ടും രംഗത്ത്. വനം മന്ത്രിയായ ശേഷം കെ സുധാകരന്‍ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു. കെ സുധാകരനെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് ബാബു വിജിലന്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2021 ജൂണിലാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. സുധാകരന്റെ വീക്ക്‌നെസ് പണമാണെന്നും പ്രശാന്ത് ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി. 'കെ സുധാകരന്‍ വനം മന്ത്രിയായിരുന്ന സമയത്ത് അഴിമതി നടത്തി. ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്ന് അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ചലനമുണ്ടായില്ല'- പ്രശാന്ത് ബാബു പറഞ്ഞു.

'താന്‍ നഗരസഭ കൗണ്‍സിലറായിരിക്കെ സുധാകരന്‍ വന്‍ അഴിമതിക്കാണ് ശ്രമിച്ചത്. രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നത്. പലരില്‍ നിന്നും സുധാകരന്‍ പണം വാങ്ങിയിട്ടുണ്ട്. നാളെ മൊഴി കൊടുക്കാന്‍ വിജിലന്‍സ് വിളിച്ചിട്ടുണ്ടെന്നും കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.
പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തത്. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ് നല്‍കി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനൂകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കാടാച്ചിറ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു സുധാകരന്റെ ഭാര്യ. അതേസമയം, കള്ളപ്പണമുണ്ടെങ്കില്‍ കണ്ടെത്തട്ടെ എന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തോടുള്ള സുധാകരന്റെ പ്രതികരണം.












Click it and Unblock the Notifications