ചെമ്മീൻ ബിരിയാണി കഴിച്ചു, ശരീരം ചൊറിഞ്ഞ് തടിച്ചു, ശ്വാസതടസ്സവും.. കൊല്ലത്ത് സ്കൂൾ അധ്യാപിക മരിച്ചു
കൊല്ലം: എറണാകുളത്തെ ഹോട്ടലില്‍ നിന്ന് ചെമ്മീന്‍ ബിരിയാണി കഴിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ചെമ്മീന്‍ ബിരിയാണി കൊല്ലത്തും ഒരു ജീവനെടുത്തിരിക്കുന്നു. പരവൂര്‍ സ്വദേശിനിയായ ബിന്ദു എന്ന 46കാരിയായ അധ്യാപികയാണ് ചെമ്മീന്‍ ബിരിയാണി കഴിച്ച് അലര്‍ജി ബാധിച്ച് മരിച്ചത്. ബിന്ദു മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അധ്യാപികയാണ്.
സഹപ്രവര്‍ത്തക കൊണ്ട് വന്ന ചെമ്മീന്‍ ബിരിയാണി കഴിച്ചതാണ് മരണകാരണമായത്. ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജി പ്രശ്‌നമുള്ളതിനാല്‍ ബിരിയാണിയില്‍ നിന്ന് ചെമ്മീന്‍ ഒഴിവാക്കിയായിരുന്നു ബിന്ദു കഴിച്ചത്. എന്നാല്‍ ബിരിയാണി കഴിച്ചതോടെ ബിന്ദു അവശയായി.

ബിന്ദുവിന്റെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു. ഒപ്പം ശ്വാസതടസ്സവും നേരിട്ടു. തുടര്‍ന്ന് കുഴഞ്ഞ് വീണ ബിന്ദുവിനെ ഉടന്‍ തന്നെ സ്‌കൂളിലെ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മെ്ച്ചപ്പെടാത്തത് കൊണ്ട് ബിന്ദുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയോടെ ബിന്ദുവിന്റെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ട് നല്‍കി. ബിനോയ് ബാലകൃഷ്ണനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ ബിന്ദ്യയാണ് ഏക മകള്‍. ബിന്ദുവിന്റെ മൃതദേഹം മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.












Click it and Unblock the Notifications