'ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു.. മകള്‍ നല്ല കുട്ടി'; പ്രയാഗയുടെ അച്ഛന്‍
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിച്ച ഹോട്ടലില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ എത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടിയുടെ പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍. പ്രയാഗ ആ ഹോട്ടലിലേക്ക് പോയത് സുഹൃത്തുക്കളെ കാണാനാണ് എന്ന് മാര്‍ട്ടിന്‍ പീറ്റര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകള്‍ കലാകാരിയായത് കൊണ്ടാണ് ഇതിന് വാര്‍ത്താപ്രാധാന്യം ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രയാഗ വളരെ നല്ല കുട്ടിയാണ്. ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു,' മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ അത് സുഹൃത്തുക്കളെ കാണാനായിരുന്നു എന്നും മകള്‍ നിരപരാധിയാണ് എന്നും മാര്‍ട്ടിന്‍ പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രയാഗയും തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഓം പ്രകാശിനെ കണ്ടിട്ടില്ലെന്നും അയാളെ മുന്‍പരിചയമില്ല എന്നുമായിരുന്നു പ്രയാഗ പറഞ്ഞത്.

എന്നാല്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനായി പോയിരുന്നു എന്നും പ്രയാഗ സമ്മതിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹോട്ടലില്‍ എത്തിയത് എന്നും രണ്ട് മണിക്കൂറോളം സമയം സ്യൂട്ട് റൂമില്‍ വിശ്രമിച്ച ശേഷം കോഴിക്കോട്ടേക്ക് പുറപ്പെട്ടു എന്നുമാണ് പ്രയാഗ പറയുന്നത്. സുഹൃത്തുക്കളുടെ സുഹൃത്തുക്കളുടെ പശ്ചാത്തലം അന്വേഷിക്കേണ്ട കാര്യം തനിക്കില്ല.
ഓം പ്രകാശ് എന്നയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നും അവര്‍ പറഞ്ഞു. ഗൂഗിള്‍ ചെയ്ത് നോക്കിയാണ് ആരാണ് ഓം പ്രകാശ് എന്ന് മനസിലാക്കിയത് എന്നും നടി കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ് എന്ന് പറയുക തന്റെ ഉത്തരവാദിത്തമായത് കൊണ്ടാണ് ഇതില്‍ പ്രതികരിക്കുന്നത് എന്നും പ്രയാഗ വ്യക്തമാക്കി.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും പ്രയാഗ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിനെ ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ച മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 ഓളം പേര്‍ വന്നിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ഇന്നലെ വീണ്ടും പൊലീസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തി.
കേസുമായി ബന്ധപ്പെട്ട് പ്രയാഗയേയും ഭാസിയേയും ചോദ്യം ചെയ്‌തേക്കും. ബിനു ജോസഫ് എന്ന ഇടനിലക്കാരനെ ചോദ്യം ചെയ്തതില്‍ ഓം പ്രകാശുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല എന്ന നിഗമനത്തില്‍ പൊലീസ് എത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ഹോട്ടലില്‍ പാര്‍ട്ടി സംഘടിപ്പിച്ചു എന്നതില്‍ സ്ഥിരീകരണമുണ്ട്.












Click it and Unblock the Notifications