സ്പീക്കര്‍ സ്ഥാനം ഒഴിയാനാഗ്രഹം:കാര്‍ത്തികേയന്‍
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് ജി കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍. ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജി കാര്‍ത്തികേയന്‍. പദവിക്ക് വേണ്ടിയല്ല താന്‍ സ്ഥാന്‍ ഒഴിയുന്നതെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു.
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം എകെ ആന്റണിയേയും, ഉമ്മന്‍ ചാണ്ടിയേയും വിഎം സുധീരനയേും അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം ആത്യന്തികമായി പാര്‍ട്ടിയാണ് എടുക്കേണ്ടത്.

പാര്‍ട്ടി ആവശ്യപ്പെട്ടാണ് നിയമസഭ സ്പീക്കറായത്. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചു. ജീവിതത്തില്‍ പാര്‍ട്ടിയാണ് എല്ലാ സ്ഥാനങ്ങളും തന്നത്. സജീവരാഷ്ട്രീയം മനസ്സില്‍ ബാക്കി നില്‍ക്കുന്ന ആഗ്രഹമായതുകൊണ്ട് സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നു.
വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നേരിട്ട് നിലപാട് അറിയിക്കുന്നത്. രാജി എന്ന്, എപ്പോള്‍ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി.
മന്ത്രിസഭ പുന:സംഘടനക്കായി കാത്തിരിക്കുന്ന വേളയില്‍ കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കേരളത്തില്‍ നിന്ന് ഗ്രൂപ്പ് ഭേദമില്ലാതെ നിര്‍ദ്ദേശിക്കപ്പെട്ട ആളായിരുന്നു കാര്‍ത്തികേയന്‍. ഹൈക്കമാന്റ് അന്ന് വിഎം സുധീരനെയാണ് തിരഞ്ഞെടുത്തത്.
സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് കാര്‍ത്തികേയനെ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കില്ലെന്നാണ് വിവരം. രാജി സന്നദ്ധത പരസ്യമായി പ്രകടിപ്പിച്ചത് പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കും എന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications