പ്രേം കുമാര്‍, ആലപ്പി അഷ്‌റഫ്, എം രഞ്ജിത്, ജി വേണുഗോപാല്‍; സുപ്രധാന പദവികളില്‍ സര്‍ക്കാര്‍ നിയമനം
ഇടതു സര്‍ക്കാരിന് അനഭിമതനായി സ്ഥാനം നഷ്ടമായ നടന്‍ പ്രേംകുമാര്‍ പുതിയ പദവിയിലേക്ക്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രേം കുമാറിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനാണ് അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ മറ്റു അക്കാദമികളുടെ അധ്യക്ഷന്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേം കുമാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു എങ്കിലും സിപിഎമ്മിനോട് ഉടക്കിയതോടെയാണ് സ്ഥാനം തെറിച്ചത്. വിവാദ കേസില്‍പ്പെട്ടതോടെ സംവിധായകന്‍ രഞ്ജിത് പുറത്തായ വേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജോലിയും ഒരുവേള പ്രേംകുമാര്‍ ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം ആശ സമരത്തെ പിന്തുണച്ചത്. നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണതത്തില്‍ പങ്കെടുക്കാത്തതും സിപിഎമ്മമിന്റെ എതിര്‍പ്പിന് കാരണമായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് പ്രംകുമാര്‍ അറിയാതെയാണ്. ഇതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിട്ടാണ് നിമയിച്ചിരിക്കുന്നത്. സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആണ് വൈസ് ചെയര്‍മാന്‍.
ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ നടന്‍ രവീന്ദ്രനാണ്. അദ്ദേഹത്തിന്റെ നിയമന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ നിറസാന്നിധ്യമായിരുന്ന നടി പ്രിയങ്ക നായര്‍ അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. നടന്‍ സലിം ഹസന്‍, സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
ജി വേണുഗോപാല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാകും. ഹേമന്ത് കുമാര്‍ ആണ് വൈസ് ചെയര്‍മാന്‍, പ്രദീപ് കുമാര്‍ സെക്രട്ടറി. കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍നായി നിര്‍മാതാവ് എം രഞ്ജിത് ചുമതലയേല്‍ക്കും. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ആയി കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂരിനെ തിരഞ്ഞെടുത്തു. ശ്രീരാമന്‍ കൊയ്യോന്‍ ആണ് വൈസ് ചെയര്‍മാന്‍.
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കവി കല്‍പ്പറ്റ നാരായണനെ തിരഞ്ഞെടുത്തു. എംപി സുരേന്ദ്രന്‍ സെക്രട്ടറിയാകും. എല്ലാ അക്കാദമികള്‍ക്കും ഇപ്പോള്‍ ഭാരവാഹികള്‍ ആയിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ ജോയ് മാത്യുവിന്റെ പേര് നേരത്തെ കേട്ടിരുന്നു. രവീന്ദ്രനെ തിരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസ്യമായി. ഒടുവില്‍ ജോയ് മാത്യു പ്രതികരിച്ചത് ഇങ്ങനെയാണ്-
''ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ😂പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല.
10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല.
രവീന്ദ്രനും ടീമിനും ആശംസകൾ''


Click it and Unblock the Notifications
