ഇടത്തരം ബജറ്റില്‍ പ്രീമിയം യാത്ര; അമൃത് ഭാരത് എക്‌സ്പ്രസിന്റെ പുത്തന്‍ പതിപ്പ് കേരളത്തിലേക്ക് വരുമോ?
ചെന്നൈ: ദീര്‍ഘദൂര യാത്രയ്ക്ക് പ്രീമിയം യാത്രാ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിനെ കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. രാജ്യത്ത് ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത് കേരളത്തിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ, വന്ദേ ഭാരത് എക്‌സ്പ്രസിലെ സുഖസൗകര്യങ്ങളോട് കിടപിടിക്കുന്ന, എന്നാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമൃത് ഭാരത് 2.2 എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന്റെ നിര്‍മ്മാണം ചെന്നൈയിലും കപൂര്‍ത്തലയിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അമൃത് ഭാരത് 1.0, അമൃത് ഭാരത് 2 എന്നിവയ്ക്ക് ശേഷമുള്ള പതിപ്പാണ് അമൃത് ഭാരത് 2.2. ആദ്യ രണ്ട് ട്രെയിനുകളില്‍ എസി കോച്ചുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി അമൃത് ഭാരത് 2 എസി കോച്ചുകളുമായാണ് വരുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ട്രെയിനിലെ സൗകര്യങ്ങള്‍.
മുന്നിലും പിന്നിലുമായി എന്‍ജിന്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഒറ്റയടിക്ക് 800 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അമൃത് ഭാരത് എക്‌സ്പ്രസിന് സാധിക്കും
അടിപൊളി നിറത്തിലും ലുക്കിലാണ് കോച്ചുകള്‍ എത്തുക. മികച്ച സീറ്റുകള്‍, ബര്‍ത്തുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഭക്ഷണം കഴിക്കാനുള്ള ഇടം, അതിവേഗ ചാര്‍ജിങ് പോയിന്റുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, വൃത്തിയുള്ള മോഡുലാര്‍ ശുചിമുറികള്‍, എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം എന്നിവ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ അമൃത് ഭാരത് ട്രെയിനുകളില്‍ ഉണ്ടാവും.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 100 പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ തന്നെ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും ആണ് നിര്‍മ്മാണം നടക്കുന്നത്.
ഇതിനകം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് മൂന്ന് റേക്കുകള്‍ പുറത്തിറങ്ങി. ഇവ ഉടന്‍ ഓടിത്തുടങ്ങും. നിലവില്‍ അമൃത് ഭാരത് എക്‌സ്പ്രസിന് സര്‍വീസുകള്‍ ഉള്ളത് ആനന്ദ് വിഹാര്‍ ടെര്‍മിനല്‍-ദര്‍ഭംഗ ജങ്ഷന്‍, മാള്‍ഡ ടൗണ്‍-എസ്എംവിടി ബെംഗളൂരു, മുംബൈ ലോകമാന്യതിലക്-സഹസ്ര ജങ്ഷന്‍ എന്നീ റൂട്ടുകളിലാണ്. അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിയാല്‍ ദീര്‍ഘദൂര യാത്ര നടത്തുന്ന ഇടത്തരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.












Click it and Unblock the Notifications