കോണ്‍ഗ്രസിന് ഒരു കൊട്ട്; സദസിനേക്കാള്‍ ആളുകള്‍ വേദിയില്‍: ആവശ്യമുള്ളവര്‍ മതി സ്റ്റേജിലെന്ന് പ്രേംകുമാര്‍
കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയത്ത് നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന സാംസ്‌കാരിക പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. നടന്‍ കോണ്‍ഗ്രസിലേക്കു മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുമ്പോഴാണ് പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്ന് പ്രേംകുമാര്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്.
അതേസമയം പരിപാടിയില്‍ പ്രസംഗിച്ച പ്രേംകുമാര്‍ കോണ്‍ഗ്രസിനിട്ട് ഒരു കൊട്ട് കൊട്ടാനും മറന്നില്ല. സദസിലെ തിരക്ക് വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വേദിയിലെ വിശിഷ്ടാതിഥികളുടെ പേരുകള്‍ പറയുമ്പോഴായിരുന്നു തമാശരൂപേണ പ്രേംകുമാറിന്റെ വിമര്‍ശനം.

'കോണ്‍ഗ്രസ് വേദിയിലെ എല്ലാവരുടെയും പേര് പറയുന്നത് ബുദ്ധിമുട്ടല്ലേ. നേതാക്കള്‍ അതൊന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്. സദസിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍ ഇരിക്കുന്ന അവസ്ഥ നേതാക്കള്‍ ഒന്ന് ശ്രദ്ധിക്കണം. അതിനൊക്കെ ചില പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തണം. ആവശ്യമുള്ളവര്‍ മതി സ്റ്റേജില്‍. ഇവിടെ എല്ലാവരും ആവശ്യമുള്ളവരാണ്. അതുകൊണ്ട് ആരെയും ഒഴിവാക്കേണ്ടതില്ല. എന്നാല് ചില വേദികള്‍ അങ്ങനെയല്ല' - ഇതായിരുന്നു പ്രേംകുമാറിന്റെ വാക്കുകള്‍.
ഇടതുപക്ഷവുമായി ഭിന്നതയിലായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തില്‍ നിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രേംകുമാര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു. താന്‍ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമാണെന്നും കോളജില്‍ കെഎസ്യുവിന്റെ ആര്‍ട്‌സ് ക്ലബ് ഭാരവാഹിയായി ഓര്‍മ്മകള്‍ പങ്കുവെച്ചതും എല്ലാം കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications