പ്രേംകുമാര്‍ ഔട്ടായതിന് കാരണം രണ്ട് എന്ന് റിപ്പോര്‍ട്ട്; നടന്‍ പറയുന്നത്, വാര്‍ത്തകളിലൂടെ അറിഞ്ഞു
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നടന്‍ പ്രേം കുമാറിനെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യം കഴിഞ്ഞ ദിവസം മുതല്‍ അന്തരീക്ഷത്തിലുണ്ട്. ഫിലിം ഫെസ്റ്റിവലും പുരസ്‌കാര പ്രഖ്യാപനവും വരാനിരിക്കെ അപ്രതീക്ഷിതമായിട്ടാണ് മാറ്റം. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേറ്റു. സി അജോയ് സെക്രട്ടറി സ്ഥാനത്ത് തുടരും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് സംവിധായകന്‍ രജ്ഞിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. അന്ന് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ ആക്ടിങ് ചെയര്‍മാനായി ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേംകുമാറിനെ മാറ്റാനുണ്ടായ കാരണം സര്‍ക്കാരിന് അദ്ദേഹം അനഭിമതനായതാണ് എന്ന് പറയപ്പെടുന്നു. രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതാണ് പ്രേംകുമാറിനെ ചലിച്ചിത്ര അക്കാദമിയിലെ പദവിയില്‍ നിന്ന് മാറ്റാനുണ്ടായ പ്രധാന കാരണം എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലമ്പൂരിലേക്ക് സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ എത്തിക്കാന്‍ ശ്രമിക്കണം എന്ന നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. വേണ്ട ഇടപെടല്‍ നടത്താതിരുന്നതാണ് തിരിച്ചടിയായത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിട്ടാണ് സിപിഎം കണ്ടത്. പാര്‍ട്ടിയുടെ പ്രധാന മുഖമായ എം സ്വരാജിനെ മല്‍സരിപ്പിച്ചതും അതുകൊണ്ടാണ്. സ്വരാജിന്റെ വിജയത്തിന് വേണ്ടി സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ എത്തിക്കണം എന്ന് സിപിഎം ആഗ്രഹിച്ചിരുന്നു. ഇതിനോട് പ്രേംകുമാര്‍ സഹകരിക്കാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്രെ.
അറിഞ്ഞത് മാധ്യമങ്ങളിലൂടെ- പ്രേംകുമാര്‍
ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതും പ്രേംകുമാറിന് വിനയായി എന്നാണ് മറ്റൊരു വിവരം. റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് പ്രേംകുമാര്‍ എത്തിയിരുന്നില്ല. സാധാരണ പുതിയ ചെയര്‍മാന്‍ ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ എത്തുന്ന പതിവുണ്ട്. എന്നാല്‍ പ്രേംകുമാര്‍ എത്താതിരുന്നത് അതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെട്ടു.
പുനസംഘടന വരുന്നു എന്ന കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു എന്ന് പ്രേംകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനമാണ്. 2022ലാണ് വൈസ് ചെയര്‍മാനായത്. കഴിഞ്ഞ ഫെസ്റ്റിവലിന് മുമ്പാണ് ചെയര്‍മാന്റെ ചുമതല നല്‍കിയത്. ഏകദേശം ഒരു വര്‍ഷത്തിലധികമായി. ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിച്ചു എന്നാണ് വിശ്വാസം എന്നും പ്രേംകുമാര്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍ എപ്പോഴും സ്വതന്ത്രമായി പറയാറുണ്ട്. അഭിപ്രായം പറഞ്ഞ കാരണമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിന് നീക്കിയത് എന്ന് കരുതുന്നില്ല. ദോഷകരമായ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ വ്യക്തിയാണ് പുതിയ ചെയര്‍മാന്‍. വരാനിരിക്കുന്ന 30ാം ഫിലിം ഫെസ്റ്റിവലിന് അത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രേംകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications