മുകേഷിനെതിരെ ആരോപണവുമായി സരിതയുടെ വാര്‍ത്താസമ്മേളനം
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ മുകേഷിനെതിരെ മുന്‍ ഭാര്യ സരിത രംഗത്ത്. കുടുംബം നോക്കാന്‍ അറിയാത്തയാള്‍ എങ്ങിനെയാണ് നാടിനെ സേവിക്കുകയെന്ന് സരിത ദുബായില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദിച്ചു. നാമനിര്‍ദ്ദേശ പത്രികയില്‍ തന്റെയും മക്കളുടെയും പേര് ചേര്‍ക്കാത്തതാണ് സരിതയെ പ്രകോപിപ്പിച്ചത്.
താനുമായുള്ള വിവാഹമോചനക്കേസ് ഇപ്പോഴും എറണാകുളത്ത് കുടുംബകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഭാര്യയുടെയും മക്കളുടെയും സ്ഥാനത്തുനിന്നും തങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. എന്റെ പാസ്‌പോര്‍ട്ടില്‍ ഇപ്പോഴും ഭര്‍ത്താവിന്റെ പേര് മുകേഷ് എന്നാണ്. കേരളത്തിന്റെ മരുമകളായ തനിക്ക് ഇവിടെനിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സരിത പറഞ്ഞു.

നികേഷിനെതിരെ ഒട്ടേറെ ആരോപണങ്ങളും സരിത ഉന്നയിച്ചു. മുകേഷിന് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ല. പണത്തോട് ആര്‍ത്തിയുള്ളയാളാണ് മുകേഷ്. ഇത്തരത്തിലുള്ള ഒരാള്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും സരിത പറഞ്ഞു. അതേസമയം, മുകേഷിന് വിജയാശംസ നേരാനും സരിത മറന്നില്ല.
റാസല്‍ഖൈമയില്‍ മക്കളോടൊപ്പമാണ് സരിത ഇപ്പോള്‍ കഴിയുന്നത്. ചെറിയ തോതില്‍ ഡബ്ബിങ്ങ് നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മകന്റെ പിറന്നാള്‍ദിവസം പോലും ആശംസ നേരാന്‍ മുകേഷിന് സമയം കിട്ടിയിട്ടില്ല. അച്ഛന്‍ ശ്രദ്ധിക്കാത്തിനാല്‍ വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തുന്നത്. നല്ല റോളുകള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവരുന്നകാര്യവും പരിഗണിക്കുന്നതായി സരിത വ്യക്തമാക്കി.












Click it and Unblock the Notifications