സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 28000ത്തിലേക്ക്, വിപണിയില്‍ മാന്ദ്യ ഭീഷണി
കൊച്ചി: സ്വര്‍ണവില സകല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുകയാണ്. പവന് 400രൂപ വര്‍ധിച്ച് 27200 രൂപയാണ് ബുധനാഴ്ച വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3400 രൂപ കൊടുക്കണം. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണ വില പെട്ടെന്ന് കുതിച്ചുയരാന്‍ കാരണം. ചൊവ്വാഴ്ച 200 രൂപ പവന് കൂടിയിരുന്നു. ബുധനാഴ്ച 400 രൂപയും. ആഗോള വിപണിയില്‍ സ്ഥിരതയില്ലാത്തതാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകാന്‍ കാരണം.

നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. അതിന് പുറമെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതും തിരിച്ചടിയായി. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കും. പവന് 28000ത്തിലേക്ക് എത്തുമെന്നാണ് നിഗമനം.
സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള നികുതി തര്‍ക്കങ്ങളും മറ്റൊരു കാരണങ്ങളാണ്. കൂടാതെ പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നവും വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 22000 രൂപയായിരുന്നു സ്വര്‍ണവില.
സ്വര്‍ണവില നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ എല്ലാ സാധ്യതകളും സ്വര്‍ണവിലയെ ബാധിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും അടുത്തിടെയുണ്ടായ വില വര്‍ധനവിന് കാരണമായിരുന്നു. ഇന്ത്യയില്‍ വില വര്‍ധനവിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം.












Click it and Unblock the Notifications