ഓരോ മലയാളിക്കും അഭിമാനം, രാജ്യത്തെ ആദ്യ സമ്പൂർണ്ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്
ആരോഗ്യ രംഗത്ത് കേരളം ഇതിനകം തന്നെ രാജ്യത്തിന് മുന്നിൽ പല മാതൃകകളും സൃഷ്ടിച്ചിട്ടുളളതാണ്. ഏറ്റവും പുതിയതായി അവയവമാറ്റ ശസ്ത്രക്രിയാ രംഗത്താണ് കേരളാ മോഡൽ. രാജ്യത്തെ ആദ്യ സമ്പൂർണ്ണ അവയവമാറ്റ ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് ഒരുങ്ങുകയാണ്. ലോകോത്തര നിലവാരത്തിലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കോഴിക്കോട് ചേവായൂരിൽ നിർമ്മാണോത്ഘാടനം നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം: '' രാജ്യത്തെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രകിയകളുടെ 90 ശതമാനവും നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിഭീമമായ ചികിത്സാചെലവു കാരണം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ചികിത്സാസൗകര്യം സ്വകാര്യ ആശുപ്രത്രികളിലാകുന്ന ചെലവിൻ്റെ മൂന്നിലൊന്ന് നിരക്കിൽ ലഭ്യമാക്കുന്ന ലോകോത്തര നിലവാരമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റിനെ (KIOTT) നിർമ്മാണോദ്ഘാടനം നാളെ കോഴിക്കോട് ചേവായൂരിൽ നടക്കുകയാണ്.
നിസ്സഹായരായ മനുഷ്യർക്ക് മുന്നിൽ പുതിയ ജീവിതത്തിൻ്റെ വെളിച്ചവും പ്രതീക്ഷയും പകരാൻ ഉതകുന്ന ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് നടപ്പാകുന്നത്. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചും എല്ലാ വിഭഗാം ജനങ്ങൾക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിൻ്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് മാറും.

യു.എസ്സിലെയും ചൈനയിലെയും സമാനമായ സംവിധാനങ്ങളിലെ അത്യാധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. അവയവ മാറ്റിക്കൽ ശസ്ത്രക്രിയകൾ ലക്ഷമാക്കി ഇത്രയും വിപുലമായ ഒരു സമഗ്ര കേന്ദ്രം, ലോകത്തുതന്നെ മൂന്നാമത്തേതായി നമ്മുടെ കേരളത്തിൽ ഉയരാൻ പോവുകയാണ്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.
വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും. പ്രതിവർഷം ആയിരക്കണക്കിന് മനുഷ്യർക്ക് പുതുജീവൻ നൽകാൻ ഈ കേന്ദ്രത്തിന് സാധിക്കും. 525 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി മാത്രം 99 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. വെറുമൊരു ആശുപത്രി എന്നതിനപ്പുറം, ഈ മേഖലയിലെ നൂതനമായ ഗവേഷണങ്ങൾക്കും മെഡിക്കൽ വിദഗ്ധർക്കുള്ള പരിശീലനത്തിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമായി ഇത് മാറും.
പൊതുമേഖലയെ ദുർബലമാക്കി ആരോഗ്യരംഗത്തെ പൂർണ്ണമായും കമ്പോളത്തിന് വിട്ടുകൊടുക്കുന്ന വലതുപക്ഷ നയങ്ങൾക്കെതിരെയുള്ള കേരളത്തിൻ്റെ ശക്തമായ മറുപടിയാണീ പദ്ധതി. ആരോഗ്യ സംരക്ഷണം ഒരു കച്ചവടമല്ല, മറിച്ച് ഓരോ മനുഷ്യന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റ്. നവകേരള നിർമ്മിതിക്കായി ഈ സർക്കാർ നൽകുന്ന ഓരോ വാഗ്ദാനവും സമയബന്ധിതമായി പാലിക്കപ്പെടുകതന്നെ ചെയ്യും. മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുമായി നമുക്ക് ഒരുമിച്ച് മുന്നേറാം. നവകേരളം യാഥാർഥ്യമാക്കാം''.












Click it and Unblock the Notifications