Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കൊപ്പം പഠിച്ചവരാരും ഇതുവരെ രംഗത്തുവന്നില്ല; ഇത് വിശ്വാസ്യതയുടെ പ്രശ്‌നം എന്ന് വിടി ബല്‍റാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാല നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട എന്ന് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ അപേക്ഷകന് പങ്കുവയ്ക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.

സംഭവത്തില്‍ ഇപ്പോഴും തുടരുന്ന അവ്യക്തത ചൂണ്ടിക്കാട്ടുകയാണ് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. ഇത് വിശ്വാസ്യതയുടെ വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 2016ല്‍ തുടങ്ങിയ നിയമ പോരാട്ടത്തിന്റെ വഴിയും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഇതുവരെ വന്നിട്ടുള്ള ചര്‍ച്ചകളും സൂചിപ്പിച്ചാണ് ബല്‍റാമിന്റെ പ്രതികരണം.

modi qualification vt balram reply-

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദധാരിയാണെന്നും പിന്നീട് Entire Political Science എന്ന വിഷയത്തിൽ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് അദ്ദേഹവും പാർട്ടിയും ഭക്തരും കുറേക്കാലമായി അവകാശപ്പെട്ടുവരുന്നത്. എന്നാൽ ഈ അവകാശവാദങ്ങളേക്കുറിച്ച് തുടക്കം മുതൽ സംശയങ്ങൾ ഉന്നയിക്കുന്നവരുണ്ട്. മോദി തന്നെ മുൻപ് നൽകിയ പല ഇന്റർവ്യൂകളിലും പല മട്ടിലാണ് തന്റെ വിദ്യാഭ്യാസ കാര്യങ്ങൾ വിശദീകരിക്കുന്നത്.

നരേന്ദ്രമോദിയുടെ കൂടെ ഡിഗ്രിക്കോ പി.ജി.ക്കോ പഠിച്ച സഹപാഠികളൊന്നും തന്നെ ഇതുവരെ രംഗത്തു വന്ന് കണ്ടിട്ടില്ല. സാധാരണ ഗതിയിൽ നൂറ് കണക്കിനാളുകൾ അഭിമാനപുരസ്സരം അങ്ങനെ കടന്നുവരേണ്ടതാണ്. അദ്ദേഹത്തെ പഠിപ്പിച്ച പ്രൊഫസർമാരേയും ആരും കണ്ടിട്ടില്ല. അദ്ദേഹം പഠിച്ചുവെന്ന് പറയപ്പെടുന്ന അത്ഭുതകരമായ പേരുള്ള പി.ജി. വിഷയം ആ സർവ്വകലാശാലയിൽ ഒരു കാലത്തും പഠിപ്പിച്ചിട്ടില്ല എന്നും വാദമുണ്ട്.

മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് എന്ന നിലയിൽ പിന്നീട് അമിത് ഷായും ബിജെപിയും പുറത്തുവിട്ടത് പൂർണ്ണമായും കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സർട്ടിഫിക്കറ്റായിരുന്നു. എന്നാൽ മോദി പഠിച്ചിരുന്നതായി പറയപ്പെടുന്ന കാലത്തിനും ഒരുപാട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കമ്പ്യൂട്ടറിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന രീതി ആ സർവ്വകലാശാലയിൽ ആരംഭിച്ചത്.

ഏതായാലും തന്റെ വിദ്യാഭ്യാസ കാര്യത്തിലെ സത്യാവസ്ഥ പരിശോധിക്കാൻ ആരെയും അനുവദിക്കില്ല എന്ന കാര്യത്തിൽ മോദിക്കും ഭക്തർക്കും മാത്രമല്ല, രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങൾക്കും ഒരേ പിടിവാശിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയും ഇപ്പോൾ ഡൽഹി ഹൈക്കോടതിയും ഇക്കാര്യത്തിലുള്ള ദുരൂഹതകളെ പൊതിഞ്ഞു പിടിക്കാനാണ് പരിശ്രമിക്കുന്നത്.

മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികം വൈകാതെ 2016ൽത്തന്നെ നീരജ് എന്ന ഒരു വിവരാവകാശ പ്രവർത്തകനാണ് ഇക്കാര്യത്തിൽ വ്യക്തത തേടി ഡൽഹി സർവ്വകലാശാലയെ സമീപിച്ചത്. ഡിസ്റ്റൻസ് എഡ്യുക്കേഷൻ വഴിയാണ് താൻ പഠിച്ചതെന്നാണ് മോദിയുടെ അവകാശവാദമെങ്കിലും ചില സഹപാഠികളെങ്കിലും ആ വർഷങ്ങളിൽ ഉണ്ടാവുമല്ലോ. അതുകൊണ്ട് 1978ൽ ബി.എ. പൊളിറ്റിക്കൽ സയൻസ് ബിരുദം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികളുടേയും പേരു വിവരം പരിശോധിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

സർവ്വകലാശാലയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പക്ഷേ ഇതിന് അനുമതി നിഷേധിച്ചു. പിന്നീട് RTI നിയമത്തിന്റെ തന്നെ അടിസ്ഥാനത്തിൽ നൽകിയ നിരവധി അപ്പീലുകൾക്കൊടുവിൽ രാജ്യത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറാണ് 2016 ഡിസംബർ 21ലെ വിധിയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ പരാതിക്കാരന് അനുമതി നൽകിയത്. എന്നാൽ ഇതിനെതിരെ വീണ്ടും സർവ്വകലാശാല കോടതിയിൽ അപ്പീൽ പോയി. 2017 ജനുവരി 24ലെ ആദ്യത്തെ ഹിയറിംഗിൽത്തന്നെ ഡൽഹി ഹൈക്കോടതി സ്റ്റേയും നൽകി.

അന്ന് തൊട്ട് നടക്കുന്ന നിയമവ്യവഹാരത്തിലാണ് ഇപ്പോൾ കോടതി മോദിക്കും കൂട്ടർക്കുമനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത് സർവ്വകലാശാല നൽകിയ അപ്പീലിൽ അവിടത്തെ ഹൈക്കോടതിയും CIC വിധി റദ്ദാക്കിയിരുന്നു.

പ്രധാനമന്ത്രിയോ ജനപ്രതിനിധിയോ ആവണമെങ്കിൽ ഇന്നയിന്ന ബിരുദം വേണമെന്നോ ഔപചാരിക വിദ്യാഭ്യാസം പോലും വേണമെന്നോ ഇവിടെ നിയമമൊന്നുമില്ല. പക്ഷേ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നവർക്ക് അവരുടെ യഥാർത്ഥ വിദ്യാഭ്യാസ യോഗ്യത, അതെന്ത് തന്നെയായിരുന്നാലും, സത്യസന്ധമായി വോട്ടർമാരോട് പറയാനുള്ള ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനും വോട്ടർക്കുമുണ്ട്.

അടിസ്ഥാനപരമായി ഇത് ഒരു വിശ്വാസ്യതയുടെ പ്രശ്നമാണ്. ആവശ്യമെന്ന് തോന്നിയാൽ ഇന്ത്യയെ ഒരു ആണവ യുദ്ധത്തിലേക്ക് വരെ നയിക്കാനുള്ള അധികാരമുള്ളയാളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. 140 കോടി മനുഷ്യരുടെ ജീവിത ഭാഗധേയങ്ങളെ നേരിട്ട് നിയന്ത്രിക്കാൻ അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് സാധിക്കും. അത്തരമൊരു വലിയ അധികാര സ്ഥാനത്തിരിക്കുന്നയാൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ജനങ്ങളോട് നുണ പറയുന്നയാളാണോ എന്നതാണ് സംശയം. അതൊരു നിസ്സാര സംശയമല്ല. വ്യക്തിയുടെ സ്വകാര്യത എന്നതിനേക്കാൾ ഭരണാധികാരിയുടെ വിശ്വാസ്യത എന്നതിന് തന്നെയാണ് ഇക്കാര്യത്തിൽ പ്രാധാന്യം കൽപ്പിക്കേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരൂഹ വ്യക്തിത്വമാവരുത്.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+