നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരതും വാട്ടർ മെട്രോയും ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകും
രാവിലെ 10.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോയും അദ്ദേഹം ചടങ്ങിൽ വച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കും.

വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ - പളനി - പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി ചടങ്ങില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല - ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗത വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ പുനര്‍ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുകയെന്ന ഉദ്ദേശത്തോടെയുള്ള പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. വിമാനത്താവള മാതൃകയിൽ സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടി രൂപയുടേയും നാല് പുതിയ ട്രാക്കുകൾ അടക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, ആന്റണിരാജു, ഡോ. ശശിതരൂര്‍ എം. പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, ഇന്നലത്തെ പരിപാടികള്‍ക്ക് ശേഷം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. രാവിലെ 9.15 ന് ഐഎൻഎസ് ഗരുഡയിൽ നിന്ന് വ്യോമസേനയുടെ പ്രത്യകേ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക.












Click it and Unblock the Notifications