മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആഘോഷിക്കാൻ അർഹതയില്ല'
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രിയും സർക്കാരുമെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മണിപ്പൂരിൽ 19 മാസമായി നടക്കുന്ന അക്രമങ്ങളെ തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിക്ക് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത് ഉദ്ഘോഷിക്കാൻ അർഹതയിലെന്നും വേണുഗോപാൽ വിമർശിച്ചു.
'കോൺഗ്രസിന് ക്രിസ്തുമസ് ഒരു പാർട്ടി പരിപാടിയല്ല. ഒരു ഭാഗത്ത് പള്ളികളെ ആക്രമിച്ച്, ആഘോഷങ്ങളെ തടസ്സപ്പെടുത്തുകയും മറുഭാഗത്ത് ക്രിസ്തുമസ് കാർഡുമായി പോകുകയും ചെയ്യുന്നതല്ല കോൺഗ്രസിന്റെ രീതി. ഒരുമിച്ച് എല്ലാ മതവിഭാഗങ്ങളെയും കൊണ്ടുപോകുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നത്.

ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതും പ്രധാനമന്ത്രി മോദിയും എല്ലാവർക്കും വേണ്ടി സംസാരിക്കുന്നുവെന്ന പ്രതീതി മാത്രമാണുണ്ടാക്കുന്നത്. ഈ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും ഉണ്ടാക്കാനുള്ള വ്യക്തമായ ശ്രമങ്ങളാണ് അവർ നടത്തുന്നത്. കേരളത്തിൽ രണ്ട് ഇടത്താണ് വിശ്വഹിന്ദു പരിഷത്തിന്റെ ആളുകൾ അക്രമം നടത്തിയത്. ഇന്ത്യയിലെല്ലായിടത്തും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. സംഭവങ്ങളിൽ അപലപിക്കുന്നു.
പൂരം കലക്കൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നടപടി തീർത്തും ദുരൂഹമാണ്. തിരുവമ്പാടി ദേവസ്വം പൂരം കലക്കാൻ നേതൃത്വം നൽകിയെന്നത് വിശ്വസനീയമല്ല. ഡി ജി പി അംഗീകരിക്കാത്ത റിപ്പോർട്ടാണ് പുറത്തുവിട്ടിട്ടുള്ളത്.ഇന്ത്യ മുഴുവൻ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് 2025-ൽ നടക്കാൻ പോകുന്നത്. അതിന് തുടക്കമാകും ബൽഗാവിയിലെ സമ്മേളനം. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വർഗ്ഗീയതയാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം പറയുന്നത്. അതിനെ ന്യായീകരിക്കാൻ പാർട്ടി സംവിധാനം മുഴുവനായും രംഗത്തിറങ്ങുന്നു. എങ്ങോട്ടാണ് സി പി എം പോകുന്നതെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം വിശ്വഹിന്ദു പരിഷത്ത് ആക്രമണത്തിൽ പ്രധാനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംഘ് പരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടു ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചെന്നിത്തല വിമർശിച്ചു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലും ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുകയും മണിപ്പൂരിലെ ക്രൈസ്തവരെ എരിതീയിലേക്കെറിഞ്ഞു കൊടുക്കുകയും ചെയ്തിട്ടു, ഡല്‍ഹിയിലിരുന്ന് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ടത്താപ്പാണ് കാണിക്കുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ അതിന് അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications