കെ.സിക്ക് മുൻഗണന; പിണറായിക്ക് ശേഷവും കണ്ണൂരിന്റെ ഭരണ പാരമ്പര്യം തുടരുമോ?
പുതിയ കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമഘട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ, കെ.സി. വേണുഗോപാലിനാണ് മുൻഗണന എന്ന സൂചനകളാണ് പുറത്തുവരുന്നത്. ജനവികാരത്തിലുപരിയായി, ഏറ്റവും കൂടുതൽ എംഎൽഎമാർ ആരെയാണ് പിന്തുണക്കുന്നത് എന്ന് മാത്രമാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത് എന്ന സൂചനയാണ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമസഭാ കക്ഷിയിലെ എംഎൽഎമാരുടെ ഭൂരിപക്ഷമനുസരിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ പരമ്പരാഗത രീതി ഇവിടെയും തുടരാനാണ് സാധ്യത.
മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുംവിധമാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ തമ്മിലുള്ള ഔപചാരിക ചർച്ച മാത്രമാണ് തീരുമാനം പ്രഖ്യാപിക്കാൻ ബാക്കിയുള്ളതെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും ഈ ചർച്ച നടക്കുക.

ജനവികാരത്തെ മറികടന്ന് വി.ഡി. സതീശന് പകരം കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ കേരളത്തിൽ പാർട്ടിക്കുള്ളിലും ഘടക കക്ഷികൾക്കുള്ളിലും ഉണ്ടാകാനിടയുള്ള ഗ്രൂപ്പ് തർക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും വ്യാപ്തി മനസ്സിലാക്കുന്നതിനും അത് മറികടക്കാനുള്ള വഴികൾ കണ്ടെത്തുന്നതിനുമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ ഡൽഹിക്ക് വിളിപ്പിച്ചതെന്നാണ് വിവരം. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചക്കായി ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡൽഹിക്ക് തിരിക്കുംമുമ്പ് കെ.സി. വേണുഗോപാലിന് വേണ്ടി പരസ്യമായി നിലകൊള്ളുന്ന കെ. സുധാകരന്റെ വീട്ടിൽ കെ.സി-കെ.എസ് അനുകൂലികളായ നേതാക്കളുടെ രഹസ്യയോഗം നടത്താൻ ശ്രമം നടന്നത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി മുഖ്യമന്ത്രി ചർച്ചകളുടെ ഭാഗമാക്കുന്നത്. തീരുമാനം എന്തായാലും അത് ഘടകകക്ഷികളെ ബോധ്യപ്പെടുത്തുന്നതിൽ ഇവർക്ക് നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു. ഹൈക്കമാൻഡ് തീരുമാനത്തിൽ ഘടകകക്ഷികൾക്ക് വലിയ എതിർപ്പ് ഉണ്ടാകാതെ നോക്കേണ്ട ചുമതല ഇവർക്കുകൂടി നൽകാനാണ് നീക്കം. പ്രഖ്യാപനം കേരളത്തിൽവെച്ച് വേണോ അതോ ഡൽഹിയിൽവെച്ച് വേണോ എന്നതാണ് മറ്റൊരു ചർച്ചാവിഷയം. ഡൽഹിയിൽ വെച്ചാണെങ്കിൽ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ ആയിരിക്കും പ്രഖ്യാപനം നടത്തുക. കേരളത്തിലാണെങ്കിൽ നിയമസഭാ കക്ഷിയോഗം വിളിച്ച് ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരിക്കും ചെയ്യുക എന്നറിയുന്നു.
ലഭ്യമായ സൂചനകൾ ശരിയാകുകയാണെങ്കിൽ, കേരള രാഷ്ട്രീയത്തിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമുള്ള കെ.സി. വേണുഗോപാലിന്റെ മടങ്ങിവരവിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. അങ്ങിനെ വന്നാൽ, കണ്ണൂർ വീണ്ടും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.
പിണറായി വിജയന് ശേഷവും ഭരണത്തിന്റെ കണ്ണൂർ പാരമ്പര്യവും അധികാര കരുത്തും തുടരുമെന്ന സ്ഥിതിവിശേഷമുണ്ടാകും. നൂറ്റാണ്ടുകളായി കേരളത്തിന്റെ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ആ 'കണ്ണൂർ ജീനി’ന്റെ തുടർച്ചയായിരിക്കും അത്.
കണ്ണൂരിൽ വേരുകളുള്ളവർ കേരളം ഭരിക്കുക എന്ന ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ ശില്പി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ തുടങ്ങി പിണറായി വിജയനിൽ വരെ എത്തിനിൽക്കുകയാണ്. മാർത്താണ്ഡവർമ്മയുടെ മാതാവ് കണ്ണൂരിലെ കോലത്തുനാട്ടിൽ നിന്നുള്ള രാജകുമാരിയായിരുന്നു. തിരുവിതാംകൂറിലെ ആഭ്യന്തര കലഹങ്ങളെയും എട്ടു വീട്ടിൽ പിള്ളമാരെയും അടിച്ചമർത്താൻ മാർത്താണ്ഡവർമ്മയെ സഹായിച്ചത് സിരകളിലൊഴുകുന്ന ഈ വടക്കൻ വീര്യം കൊണ്ടാണെന്ന് ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുമുണ്ട്.
കണ്ണൂരിലെ ചിറയ്ക്കലിൽ ജനിച്ച് തൃശൂരിന്റെ മണ്ണിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരേയൊരു 'ലീഡർ' ആയ കെ. കരുണാകരൻ നാല് തവണയാണ് മുഖ്യമന്ത്രി പദവിയിലെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇ.കെ. നായനാരുടെ ചരിത്രവും വ്യത്യസ്തമല്ല. കല്ല്യാശ്ശേരിയിലെ വിപ്ലവമണ്ണിൽ നിന്ന് രാഷ്ട്രീയ കളരിയിൽ ഇറങ്ങി, പാലക്കാടിന്റെ മണ്ണിൽ നിന്ന് വിജയങ്ങൾ കൊയ്ത നായനാർ മൂന്ന് തവണയാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം മണ്ണിൽ ഉറച്ചുനിന്ന് കേരള ചരിത്രത്തിൽ ഭരണത്തുടർച്ചയെന്ന അസാധ്യമായ നേട്ടം കൈവരിച്ച പിണറായി വിജയനും കണ്ണൂരിന്റെ അധികാര പാരമ്പര്യം നിലനിർത്തി.
മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ പട്ടികയിൽ പയ്യന്നൂരുകാരനായ കെ.സി. വേണുഗോപാലിന്റെ പേരും എഴുതിച്ചേർക്കപ്പെടും. ആലപ്പുഴയെ രാഷ്ട്രീയ ഭൂമികയാക്കിയ കെ.സി മൂന്ന് വട്ടം എംഎൽഎയായും പിന്നീട് കേന്ദ്രമന്ത്രിയായും എഐസിസിയുടെ നേതൃനിരയിലേക്കും വളർന്നു. ഹൈക്കമാൻഡ് കെ.സിയെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ മറ്റൊരു കാര്യവും രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നു. അദ്ദേഹം ജന്മനാടിന് പുറത്തുള്ള സുരക്ഷിത മണ്ഡലം തെരഞ്ഞെടുക്കുമോ അതോ സ്വന്തം മണ്ണായ കണ്ണൂരിൽ തന്നെ പോരാടുമോ?












Click it and Unblock the Notifications