വിയ്യൂർ ജയിലില്‍ ജീവനക്കാരെ മർദ്ദിച്ച് കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവ് പുള്ളികള്‍
തൃശൂർ: വിയ്യൂർ ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവ് പുള്ളികള്‍. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ജീവനക്കാരെ മർദ്ദിച്ചത്. പ്രതികള്‍ സംഘം ചേർന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതർ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തടവുകാരുടെ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ജയിൽ ജീവനക്കാർക്കുനേരെയും അക്രമമുണ്ടായത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ ഇവരെ വേറെ ബ്ലോക്കിലേക്ക് മാറ്റി. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

ഈ സംഘർഷം തടയുന്നതിനിടയിലാണ് തടവ് പുള്ളികളും ജയില്‍ ജീവനക്കാരും തമ്മില്‍ വാക്ക് തർക്കമുണ്ടാകുന്നത്. വാക്ക് തർക്ക് പിന്നാലെ ആക്രമണത്തിന് വഴിമാറുകയായിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫിസിലെത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വാക്ക് തർക്കം ഉണ്ടായെങ്കിലും ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവനക്കാരെ മർദ്ദിച്ചതിന് പിന്നാലെ ജയില്‍ ഓഫീസിലെ ഫർണിച്ചറുകള്‍ തടവുകാർ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി സ്ഥലത്തെത്തിയാണ് തടവുകാരെ കീഴ്‌പ്പെടുത്തിയത്.
ഇത് ആദ്യമായല്ല കൊടി സുനി ജയിലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ ആവശ്യം. ഇതിന് വേണ്ടിയുള്ള സമ്മർദ്ദമാണ് ആക്രമണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications