
5 വർഷം കൊണ്ട് ഭാവനയുടെ ആരാധകനായി മാറി; അവർക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ;പൃഥ്വിരാജ്
കൊച്ചി; നടി ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് നടന് പൃഥ്വിരാജ്. തനിക്ക് അറിയാവുന്ന സിനിമാ ലോകത്തുള്ളവരെല്ലാം ഭാവനയുടെ തിരിച്ചുവരവിൽ ഏറെ സന്തോഷം പുലർത്തുന്നവരാണെന്നും അഞ്ച് വർഷം കൊണ്ട് താൻ ഭാവനയുടെ ആരാധകനായി മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. നടന്റെ വാക്കുകളിലേക്ക്

ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നുവെന്നത് വലിയ സന്തോഷം. മലയാളത്തിലേക്ക് മടങ്ങി വരുന്നോവെന്ന് പലരും പല സമയങ്ങളിലായി ഭാവനയോട് ചോദിച്ചിരുന്നു. പക്ഷേ ഇപ്പോഴായിരിക്കും ഒരു മടങ്ങി വരവ് വേണമെന്ന് അവർക്ക് തോന്നിയത്. തിരുമാനത്തിൽ വളരെ അധികം സന്തോഷം ഉണ്ട്.

എന്നും താൻ ഭാവനയുടെ സുഹൃത്തായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷ കാലത്തിനിടയിൽ ഞാൻ അവരുടെ ഒരു ആരാധകനായി മാറി, പൃഥ്വിരാജ് പറഞ്ഞു. ഇപ്പോഴും സിനിമ ഇൻഡസ്ട്രിയിൽ പലരും അവർക്കൊപ്പം നിൽക്കുന്നില്ല എന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ- ഇൻഡസ്ട്രി എന്ന് പറയുമ്പോൾ സിനിമാ മേഖലയെ ഒരൊറ്റ ഹോമോജീനിയസ് വേൾഡ് ആയിട്ടാണ് സിനിമയ്ക്ക് പുറത്ത് നിന്നുള്ളവർ കാണുന്നത്. സിനിമ ലോകം എന്ന് പറയുന്നത് ഒരേ പോലെ ജീവിക്കുന്ന ഒരു പറ്റം ആൾക്കർ അല്ല.

ഞാൻ സിനിമയിൽ പ്രവർത്തിക്കുന്ന ആളാണ്. എനിക്ക് എന്റെയൊരു ലോകമുണ്ട്. എനിക്ക് ആ ലോകത്തെ കുറിച്ചേ അറിയുകയുള്ളൂ. ആ ലോകത്ത് സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവിനെ സന്തോഷത്തോടും ആരാധനയോടെയും നോക്കി കാണുന്നവരാണ് ഉള്ളത്. മറ്റൊരു ലോകത്ത് ഉള്ളവർ എങ്ങനെയാണ് ഇതിനെ നോക്കി കാണുന്നതെന്ന് തനിക്ക് അറിയില്ല.

ഞാൻ ജീവിക്കുന്ന എന്റേതയ ലോകത്തിൽ വളരെ പോസിറ്റിവിറ്റിയോട് കൂടിയാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്, പൃഥ്വിരാജ് പറഞ്ഞു. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാമല്ലേ എന്ന ചോദ്യത്തിന് എല്ലാവരുടേയും പ്രതീക്ഷ അത് തന്നെയല്ലേയെന്നും പൃഥ്വിരാജ് പറഞ്ഞു.

അതിനിടെ ഒ ടി ടി തീയറ്ററുകൾക്ക് ഭീഷണി അല്ലെന്നും അഭിമുഖത്തിൽ പൃഥ്വിരാജ് പ്രതികരിച്ചു. എല്ലാവരും വിചാരിക്കുന്നത് കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ആകുന്നത് എന്നാണ്. മലയാള സിനിമയിൽ ഒടിടി പ്ലാറ്റ്ഫോം വ്യാപകമാവുമെന്ന് കോവിഡിന് മുമ്പ് തന്നെ ഞാൻ പറയാൻ കാരണം ഞാൻ 'ഇല്യുമിനാറ്റി'യുടെ ഭാ ഗമായത് കൊണ്ടല്ല.

ആരെയൊക്കെ വിലക്കിയാലും ഒടിടികൾ സംഭവിക്കും. ഇനിയുള്ള കാലം ഒടിടികൾക്ക് വേണ്ടിയുള്ള സിനിമകളും തീയറ്ററുകൾക്ക് വേണ്ടിയുള്ള സിനിമകളും ഉണ്ടാകും. ഒന്ന് കാരണം മറ്റേത് നിന്ന് പോകുന്നുവെന്നത് തെറ്റായ ധാരണയാണ്. വീട്ടിൽ ഇരുന്ന് ഒടിടിയിൽ സിനിമ കാണാം എന്ന അവസ്ഥ വരുമ്പോൾ സ്വാഭാവികമായും തീയറ്റർ എക്സ്പീരിയൻസിന്റെ ക്വാളിറ്റി ഉയർത്തേണ്ടി വരും.

തീയറ്റുകൾ മോശം സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ആളുകൾ പോകില്ല. ചില സിനിമകൾ തീയറ്റുകളിൽ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നാളെ തീയറ്റർ മേഖലയ്ക്ക് എന്തെങ്കിലും ക്ഷീണം സംഭവിക്കുകയാണെങ്കിൽ ഞാൻ കരുതുന്നത് അത് തീർച്ചയായും അവരുടെ കുറ്റം കൊണ്ട് തന്നെയാണ്.

ഭീഷ്മപർവ്വവും കുറുപ്പും ഹൃദയവുമൊക്കെ ഹിറ്റായത് എന്തുകൊണ്ടാണ്? ജനം നല്ല സിനിമകൾ തീയറ്ററിൽ പോയി കാണാൻ ആഗ്രഹിച്ചു. ഭാവിയിൽ ഒരു സംവിധായകൻ നേരിടുന്ന വെല്ലുവിളി ഈ സിനിമ ഒടിടിയ്ക്ക് വേണ്ടിയാണോ തീയറ്ററിന് വേണ്ടിയാണോ എന്ന തിരുമാനം എടുക്കേണ്ടി വരുമെന്നും പൃഥ്വിരാജ് പറഞ്ഞു.