പൃഥ്വിരാജിന് പരിക്കേറ്റത് കാലിന്റെ ലിഗ്മെന്റില്‍; അപകടം ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജ് സുകുമാരന് ഇന്ന് ശസ്ത്രക്രിയ. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പൃഥ്വിരാജ് ഉള്ളത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. പൃഥ്വിരാജ് ബസില്‍ നിന്ന് ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കവെ അടിതെറ്റി വീഴുകയായിരുന്നു. പൃഥ്വിരാജിന്റെ കാലിന്റെ ലിഗ്മെന്റിനാണ് പരിക്കേറ്റത് എന്നാണ് വിവരം. അപകടം നടന്നയുടന്‍ പ്രാഥമിക ചികിത്സയ്ക്കായി പൃഥ്വിരാജിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.

പൃഥ്വിരാജിന് കീ ഹോള്‍ ശസ്ത്രക്രിയയാണ് നടത്തുക എന്നാണ് വിവരം. ശസ്ത്രക്രിയയ്ക്ക് ശേഷം താരം ഇന്ന് തന്നെ വീട്ടിലേയ്ക്ക് മടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്. രാത്രിയോടെ തന്നെ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഘട്ടനം രംഗം ചിത്രീകരിച്ചത്.
ഇന്നലെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ഷൂട്ടിംഗ് കാരണം പൃഥ്വിരാജിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അന്തരിച്ച സംവിധായകന്‍ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയന്‍ നമ്പ്യാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് 'ഡബിള്‍ മോഹനന്‍' എന്ന കഥാപാത്രമായാണ് വിലായത്ത് ബുദ്ധയില്‍ എത്തുന്നത്.
ഷമ്മി തിലകന്‍, അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍, ടി ജെ അരുണാചലം തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ ഭിനയിക്കുന്നുണ്ട്. ജി ആര്‍ ഇന്ദു ഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കശ്യപ് ആണ്. മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂര്‍വമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ഇതിവൃത്തം. പ്രണയവും പകയും അധികാരവും എല്ലാം ചേര്‍ന്ന് നില്‍ക്കുന്ന നോവലിന് വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്.












Click it and Unblock the Notifications