ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു, എന്താണ് നടക്കുന്നതെന്ന്; രാജു മൂഡ് ഓഫ് ആയിരുന്നു- ലിസ്റ്റിന്‍ സ്റ്റീഫന്‍
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. വിവാദത്തില്‍ ഏറെയും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് പൃഥ്വിരാജ് ആയിരുന്നു. മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും സോഷ്യല്‍ മീഡിയയില്‍ ആ കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവയ്ക്കുകയും ചെയ്‌തെങ്കിലും വിവാദം അടങ്ങിയില്ല.
സിനിമയിലെ 24 ഭാഗങ്ങള്‍ ഒഴിവാക്കിയും മ്യൂട്ട് ചെയ്തുമാണ് പുതിയ പ്രദര്‍ശനം നടക്കുന്നത്. പൃഥ്വിരാജിനെതിരെ ചിലര്‍ മനഃപ്പൂര്‍വം നീങ്ങുന്നുണ്ടോ എന്ന സംശയം മല്ലിക സുകുമാരന്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, വേണ്ടത്ര പിന്തുണ സിനിമാ മേഖലയില്‍ നിന്ന് ലഭിക്കാത്തതും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം...

പൃഥ്വിരാജിനെ പിന്തുണച്ച് നേരത്തെ രംഗത്തുവന്ന വ്യക്തിയാണ് ലിസ്റ്റിന്‍. സിനിമയെ കുറിച്ചും വിവാദത്തെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസുമായി അദ്ദേഹം വിശദമായി സംസാരിച്ചു. '' പല സിനിമകളിലും പല പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കടുവ ചെയ്ത വേളയില്‍ പേരുമായി ബന്ധപ്പെട്ടും മറ്റും കേസ് വരികയും ആ ഭാഗം ഒഴിവാക്കുകയും ചെയ്തിരുന്നു...
വിമാനം എന്ന സിനിമയുമായി ബന്ധപ്പെട്ടും വിഷയമുണ്ടായി. ആന്റണി പെരുമ്പാവൂരിന് പകരം ഞാന്‍ എമ്പുരാന്‍ നിര്‍മിക്കുകയാണെങ്കിലും ഈ വിവാദമുണ്ടാകും. അതുകൊണ്ടുതന്നെ സിനിമ ആരില്‍ വന്ന് ഭവിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഇഷ്യൂസ് ഉണ്ടാകുമെന്ന് ഓര്‍ത്തലല്ലോ സിനിമ ചെയ്യുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എല്ലാം വാര്‍ത്തയാകുകയാണ്...
സിനിമ ഇറങ്ങിയ പിന്നാലെ എന്തൊക്കെയോ നടക്കുന്നു എന്ന് മനസിലായി. ആദ്യം ഒരുപിടിയും കിട്ടിയില്ല. ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു, എന്താണ് നടക്കുന്നതെന്ന്. രാജു മൂഡ് ഓഫ് ആയിരുന്നു. പ്രശ്‌നമുണ്ടാകണം എന്ന് കരുതിയല്ലല്ലോ ആരും സിനിമയെ സമീപിച്ചത്. ഡയറക്ടറെ മാത്രം ക്രൂശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല...
എമ്പുരാന്റെ കഥ എല്ലാവര്‍ക്കുമറിയാമായിരുന്നു. ഇഷ്യു ഉള്ളതാണെങ്കില്‍ മുളയിലേ നുള്ളിക്കളയുമായിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നിയത്. സിനിമയുടെ സബ്ജക്ട് ആണ് വിഷയമായി വന്നിരിക്കുന്നത്. അപ്പോള്‍ സബ്ജക്ടിനെ അല്ലേ പറയേണ്ടത്. അല്ലാതെ പൃഥ്വിരാജിനെ മാത്രമല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും കളക്ഷന്‍ ഗംഭീരമാണ്.
എനിക്ക് 36 തിയേറ്ററുകളുണ്ട്. കോഴിക്കോട് അപ്‌സരയില്‍ 1400 സീറ്റുണ്ട്. രാധയില്‍ 1000 സീറ്റുണ്ട്. എല്ലായിടത്തും ഹൗസ് ഫുള്‍ ആണ്. സിനിമയുടെ മൊത്തം ഷെയര്‍ ഞാന്‍ എന്റെ തിയേറ്ററുകളില്‍ നിന്ന് മാത്രം കൊടുക്കുന്നുണ്ട്. വലിയ കാന്‍വാസിലെടുത്ത ചിത്രമാണ്. സിനിമയായി മാത്രം കണ്ടാല്‍ മതി. ആദ്യദിനത്തില്‍ തന്നെ ഞാനും ഭാര്യയും സിനിമ കണ്ടു. ഒന്നും തോന്നിയില്ല. പിന്നീട് ചിലര്‍ വിവാദം പറയാന്‍ തുടങ്ങിയതോടെയാണ് കത്താന്‍ തുടങ്ങിയത്'' - ലിസ്റ്റന്‍ സ്റ്റീഫന്‍ പറഞ്ഞു.












Click it and Unblock the Notifications