13 വര്‍ഷമായി ഒരു രൂപ; വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് 5 രൂപയാക്കണം: സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
പാലക്കാട്: വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന മിനിമം നിരക്കായ ഒരു രൂപ അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ വര്‍ധിപ്പിച്ച നിരക്ക് നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക്. ഈ നിരക്കില്‍ ഓടാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. 90 വിദ്യാര്‍ഥികള്‍ കയറിയാലേ ഒരു ലിറ്റര്‍ ഡീസല്‍ അടിക്കാനുള്ള തുക പോലും ലഭിക്കൂ. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നതെന്നും ബസുടമകള്‍ കുറ്റപ്പെടുത്തി.

കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. കൂടുതല്‍ പേരും സ്വന്തം വാഹനത്തെ ആശ്രയിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ബസിനെ ആശ്രയിക്കുന്നതില്‍ 60 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്ന് ഒരു രൂപ മാത്രം ഈടാക്കി സര്‍വീസ് നടത്തുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി.
സമരത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. സമരത്തിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ബസ് സംരക്ഷണ ജാഥ. ഏപ്രില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയായിരിക്കും ജാഥ നടത്തുക. ഇതിന് ശേഷമായിരിക്കും സമര പരിപാടികളുമായി നീങ്ങുക.
വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഉയര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് വ്യവസായത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications