കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്..
തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ വീണ്ടും സ്വകാര്യ ബസ് ഉടമകള്‍. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വഴി സ്വകാര്യ ബസ് വ്യവസായത്തിന് വലിയ നഷ്ടം നേരിടേണ്ടി വരും എന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.
കൊവിഡിന് ശേഷം ബസ് വ്യവസായം വലിയ പ്രതിസന്ധിയിലാണ്. സംസ്ഥാനത്തുടനീളം സ്വകാര്യ ബസ് സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇന്ധന വില വര്‍ധനയും താങ്ങാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത് വഴി യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും.

സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. വലിയ നഷ്ടമാണ് ഇതുവഴി സംഭവിക്കാന്‍ പോകുന്നത്. സര്‍വീസ് നിര്‍ത്തി വെക്കേണ്ട സാഹചര്യം വരെയുണ്ടാകാം എന്നും അങ്ങനെ വന്നാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. ജൂണ്‍ 15 മുതലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
ഓര്‍ഡിനറി ബസുകളില്‍ ആദ്യം പ്രഖ്യാപനം നടപ്പില്‍ വരുത്തിയ ശേഷം ഫലം വിലയിരുത്തി മറ്റ് കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ കൂടി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് സ്ത്രീകളെ സ്വകാര്യ ബസുകളില്‍ നിന്ന് അകറ്റും എന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത് എന്നും ബസുടമകള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി എന്നും അവര്‍ ചൂണ്ടിക്കാട്ടി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നനും സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം എന്നും അവര്‍ വ്യക്തമാക്കി. ജൂണ്‍ 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.
മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കിലേക്ക് നീങ്ങാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പറഞ്ഞ നിരക്കിലാണ് സ്വകാര്യ ബസുകള്‍ ഓടുന്നത് എന്നും കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും അനുവദിക്കണം എന്നും ബസ് ഭാരവാഹികള്‍ പറഞ്ഞു.
ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കുക, വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.















Click it and Unblock the Notifications