കെഎസ്ആര്‍ടിസി മാതൃകയില്‍ പുതിയ പരിഷ്‌കാരം; സ്വകാര്യ ബസുകളുടെ നിറം മാറും
കെഎസ്ആര്‍ടിസി മാതൃകയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നല്‍കും. റോഡപകടങ്ങള്‍ കുറക്കാനാണ് പുതിയ നീക്കം.
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളുടെ നിറം മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. കെഎസ്ആര്‍ടിസി മാതൃകയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നല്‍കാനാണ് തീരുമാനം. സിറ്റി സര്‍വീസ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് പ്രത്യേക നിറം നല്‍കാണ് ഉദ്ദേശിക്കുന്നത്.
റോഡപകടങ്ങള്‍ കുറക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡിലെ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിറങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിഷ്‌കാരം.
ഗതാഗത കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി യോഗമാണ് തീരുമാനമെടുത്തത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് നിര്‍ദേശം സമര്‍പ്പിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ വരുന്ന ബസുകള്‍ റോഡപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് കണ്ടെത്താല്‍. ഈ നിറങ്ങള്‍ റോഡിലെ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നതായും പരാതിയുണ്ട്.

വര്‍ണങ്ങളുടെ ഒരു സഞ്ചയം തന്നെയാണ് സ്വകാര്യ ബസുകള്‍. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ മുതല്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങല്‍ വരെ ആലേഖനം ചെയ്ത ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന മോട്ടര്‍ വാഹന നിയമത്തിലെ 264ാം വകുപ്പ് പിന്‍പറ്റിയാകും ഇതു നടപ്പിലാക്കുക. നിറം നിര്‍ണയിക്കുന്നതിന് പൊതുജനങ്ങളുടേയും ബസ് ഉടമകളുടേയും അഭിപ്രായം തേടും.

നേരത്തെ ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ് എന്നിവ തിരിച്ചറിയാന്‍ കഴിയും വിധം നിറങ്ങള്‍ വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് മാത്രമായി പുതിയ പരിഷ്‌കാരം പരിമിതപ്പെടുത്തും.

നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സിറ്റി ബസുകള്‍ക്കു മാത്രമാണ് ഏകീകൃത നിറമുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലും നീലയും കോഴിക്കോട് പച്ചയുമാണ് സിറ്റി ബസുകളുടെ നിറങ്ങള്‍.

കൊച്ചിയിലെ സിറ്റി ബസുകള്‍ക്കെല്ലാം ചുമപ്പു നിറമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് വണ്‍ കൊച്ചി വണ്‍ കളറിന്റെ ഭാഗമായി സിറ്റി ബസുകളുടെ നിറം നീലയാക്കി മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ടു കൊല്ലം പിന്നിട്ടിട്ടും ആ തീരുമാനം പൂര്‍ണമായി നടപ്പിലാക്കാനായില്ല. ഇപ്പോള്‍ ചുമപ്പും നീലയും നിറങ്ങളിലാണ് കൊച്ചിയില്‍ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നത്.

പുതിയ പരിഷ്‌കാരം നടപ്പിലായാല്‍ ബസുകള്‍ക്ക് നിലവിലെ നിറം മാറ്റാന്‍ ഫിറ്റ്‌നസ് വരെ സമയം അനുവദിക്കും. ഇതിനുള്ളില്‍ പുതിയ നിറത്തിലേക്കു മാറിയാല്‍ മതിയാകും.












Click it and Unblock the Notifications