കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ ഇടപെടൽ ഉറപ്പാക്കേണ്ടി വരും: മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ള സ്വകാര്യ മേഖലയുടെ ഇടപെടൽ ഉറപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയില്‍ പങ്കുവഹിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് വന്നത്. കേരളത്തില്‍ എല്ലാതലങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. അത് സ്വകാര്യമേഖല തന്നെയാണ്. നമ്മുടെ നിലവാരം വലിയ തോതില്‍ വര്‍ദ്ധിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം പഠന ബോധന രീതികളും ഗുണമേന്മയില്‍ അധിഷ്ഠിതമാക്കണം. സര്‍വ്വകലാശാലയുടെ മികവ് വര്‍ദ്ധിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മികവിന്റെ 30 കേന്ദ്രങ്ങളാണ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ വികസിത മധ്യരാഷ്ട്രങ്ങളുടെതിന് തുല്യമാക്കി വളര്‍ത്തുകയാണ് ലക്ഷ്യമാക്കുന്നത്. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കാണ് ഏറ്റവും വലിയ പ്രാമുഖ്യം നല്‍കുന്നത്. തുടര്‍ച്ചയായി പുതിയ അറിവുകള്‍ കരസ്ഥമാക്കി അറിവുകള്‍ ആര്‍ജിക്കുക എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ഇന്നത്തെ കാലം ലൈഫ് ലോങ് പഠനത്തിന്റെ കാലമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈഫ് ലോങ് ലേണിങ്ങ് സെന്ററായി ഭാവിയില്‍ വന്നേക്കാം.
കേന്ദ്ര നിര്‍ദേശത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് നാല് വര്‍ഷത്തെ ബിരുദ പരിപാടി കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാർത്ഥികളോട് വ്യക്തമാക്കി. പ്രൊഫ ശ്യാം ബി മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നാല് വര്‍ഷത്തെ ബിരുദം രൂപകല്‍പന ചെയ്തത്. മൂന്ന് വര്‍ഷം യാന്ത്രികമായി നാല് വര്‍ഷമായി മാറ്റുന്നതല്ല ഉദ്ദേശിക്കുന്നത്. പാഠ്യപദ്ധതി, വിനിമയ രീതി ശാസ്ത്രം, പഠനപ്രക്രിയകള്‍, മൂല്യനിര്‍ണയം ഇവയിലെല്ലാം സമൂലമായ മാറ്റം വരുത്തും.
നാല് വര്‍ഷത്തെ ബിരുദം നടപ്പിലാക്കുമ്പോള്‍ നൈപുണിയും അഭിരുചിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്ട് അധിഷ്ടിത പഠനത്തിനും ഇന്റേണ്‍ഷിപ്പിനും അവസരം ഒരുക്കും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സാഹചര്യമാണ് ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. സാമൂഹ്യ പ്രതിബന്ധത ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ പരിഗണിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശനാത്മക ചിന്തയുണര്‍ത്തുന്ന ജനാതിപത്യ ക്ലാസ് മുറികള്‍ എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കിയാണ് ഓരോ സര്‍വകലാശാലയും പാഠ്യപദ്ധതി രൂപീകരിക്കേണ്ടത്.
ഭാഷയുടെ പ്രാധാന്യം കുറയില്ല
ഭാഷ, മാനവിക വിഷയങ്ങളുടെ പ്രാധാന്യം കുറയുമോ എന്ന ആശങ്ക ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതനവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാഷ, മാനവിക വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കുകയാണ് ചെയ്യുക. പ്രായോഗിക പാഠങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. വൈവിധ്യമാര്‍ന്ന ആഡ് ഓണ്‍ കോഴ്‌സുകള്‍ക്ക് സാധ്യതകള്‍ തുറന്നിട്ടു കൊണ്ടാണ് പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്നത്.
മലയാള ഭാഷയുടെ വൈഞ്ജാനിക പദവി ഉയര്‍ത്തുന്നതിനും സാഹിത്യ സാംസ്‌കാരിക സംഭാവനകളെ നവേത്ഥാന മൂല്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വെളിച്ചത്ത് പ്രചരിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയര്‍ ഫ്രീയാക്കും
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദവും ലിംഗ നീതി അധിഷ്ടിതമാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു കുട്ടിയും സംവിധാനത്തിന്റെ കുറവുകൊണ്ട് പഠനത്തില്‍ നിന്ന് പിന്‍തള്ളപ്പെടാന്‍ പാടില്ല എന്നതാണ് ലക്ഷ്യം. അതിനാല്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയര്‍ ഫ്രീയായി മാറേണ്ടതുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ അത്തരത്തിലുള്ളതാണ്.
കാഴ്ച പരിമിതി അഭിമുഖീകരിക്കുന്നവര്‍ക്കായി ടോക്കിംഗ് ബുക്ക് ലൈബ്രറികള്‍, ഓഡിയോ ടെക്‌സ്റ്റുകള്‍, സ്‌ക്രീന്‍ റീഡറുകള്‍ മുതലായ സൗകര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക പരിശീലന കോഴ്‌സുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. ലൈബ്രറികളും ലബോറട്ടറികളും എല്ലാവര്‍ക്കും പ്രയോജനകരമാകും വിധം ഭിന്നശേഷി സൗഹൃമാക്കി മാറ്റും. കാഴ്ചപരിമിയുള്ള വിദ്യാര്‍ത്ഥിനി ആര്യ പ്രകാശിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications