കർണാടക ചെയ്യുന്നത് നീതി കേട്, 30 ലക്ഷം മലയാളികളെ ബാധിക്കും; കേരള സർക്കാർ ഇടപെടണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: തൊഴിൽ മേഖലയിൽ കന്നഡിഗർ അല്ലാത്തവരോട് വിവേചനനിലപാട് സ്വീകരിക്കുകയാണ് കർണാടക സർക്കാർ ചെയ്യുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും എൻ ഡി എ സംസ്ഥാന ചെയർമാനുമായ കെ സുരേന്ദ്രൻ . ഇതിന്റെ ഭാഗമായാണ് കർണാടകക്കാർക്ക് പ്രത്യേക തൊഴിൽ സംവരണം കൊണ്ടുവന്നത്. അന്യസംസ്ഥാനക്കാരെ ആട്ടിയോടിക്കാനുള്ള മണ്ണിന്റെ മക്കൾ വാദമാണ് കോൺഗ്രസ് സർക്കാർ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
30 ലക്ഷം മലയാളികളെ ഈ നിയമം ബാധിക്കും. ശക്തമായ എതിർപ്പുയർന്നത് കൊണ്ടാണ് സർക്കാർ താത്ക്കാലികമായി ഈ നിയമം മരവിപ്പിച്ചത്. കെസി വേണുഗോപാലിനെ പോലെയുള്ളവരാണ് അവിടുത്തെ കോൺഗ്രസിന്റെ ചുമതലയുള്ളവർ. സംസ്ഥാനത്തെ രണ്ട് മുന്നണികളും ഇതിനോട് പ്രതികരിക്കുന്നില്ല.

സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. എൽ ഡി എഫ് എന്താണ് പ്രതികരിക്കാത്തത്. കർണാടക സർക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ മാസം 24ന് തിരുവനന്തപുരത്ത് എൻഡിഎ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എൻ ഡി എ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കർണാടക സർക്കാർ നീതിപൂർവ്വമായല്ല പെറുമാറുന്നത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും.
ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്സ് തയ്യാറായില്ല. കർണാടകയിലെ സംവിധാനങ്ങൾ ഒന്നും ഇടപെട്ടില്ല. ഇപ്പോൾ ഈ നാലാമത്തെ ദിവസമാണ് അവർ എന്തെങ്കിലും ഒരു ചെറു വിരൽ അനക്കാൻ തയ്യാറായത്
വിശ്വസയോഗ്യമായ മൂന്നാംബദലിന് കേരളത്തിൽ കളം ഒരുങ്ങികഴിഞ്ഞു. തിരഞ്ഞെടുപ്പ്ഫലം ഇരുമുന്നണികൾക്കും വലിയ അങ്കലാപ്പാണുണ്ടാക്കിയിരിക്കുന്നത്. എൽഡിഎഫും യുഡിഎഫും അല്ലാത്ത ഒരു ബദലിന് കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ജനം കേട്ടു. എൻഡിഎ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. ഉപതിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് മുന്നണി പ്രവർത്തിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
എസ് എൻ ഡി പിക്കും മറ്റ് ഹിന്ദു സംഘടനകൾക്കുമെതിരെ സി പി എം ഭീഷണി തുടരുകയാണെന്നും ഇത് വെച്ചു പൊറുപ്പിക്കാൻ സാധിക്കില്ല. മുസ്ലീം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സി പി എമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നത്.
ചില ക്രൈസ്തവ സംഘടനകളെയും അവർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എൻ ഡി എ മുന്നണിക്ക് പിന്തുണ നൽകിയതിൻ്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല. ഈഴവസമുദായത്തിൽ വലിയമാറ്റം പ്രകടമാണ്. 2016ൽ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയും ബി ഡി ജെ എസിന്റെ രൂപീകരണവും അതിന് തുടക്കം കുറിച്ചു. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.












Click it and Unblock the Notifications