താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം: നിതിൻ ഗഡ്കരിക്ക് കത്ത് അയച്ച് പ്രിയങ്ക ഗാന്ധി
താമരശ്ശേരി ചുരം പാത ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് ജില്ലയുടെ ജീവനാഡിയായ താമരശ്ശേരി ചുരം പാത ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായ മണ്ണിടിച്ചിലുകൾ തടയുന്നതിന് വിദഗ്ധ സമിതിയെ അടിയന്തരമായി നിയോഗിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടതായി പ്രിയങ്ക ഗാന്ധി അറിയിച്ചു. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയിലെ ഗതാഗത തടസ്സം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങൾക്കായി വയനാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. 2025 ഓഗസ്റ്റ് 26-ന് ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ ഗതാഗതം പൂർണമായും നിരോധിക്കേണ്ടി വന്നു. നിലവിലെ മണ്ണിടിച്ചിൽ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നതിനാൽ, ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

താമരശ്ശേരി ചുരം പാതയിലെ അപകടസാധ്യത വിലയിരുത്തുന്നതിന് വിദഗ്ധ സമിതിയെ അടിയന്തരമായി നിയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയും ജില്ലയുടെ കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ ഈ നടപടി അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ബദൽ പാതകൾ ഒരുക്കുന്നതിനുള്ള നടപടികളും സർക്കാർ എത്രയും വേഗം പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
നിലവിൽ, കുറ്റിയാടി ചുരം, നാടുകാണി ചുരം എന്നിവ ബദൽ മാർഗങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ പാതകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയാസമുണ്ടാക്കുന്നതായി പ്രദേശവാസികളും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. 2023 നവംബറിൽ, അന്നത്തെ വയനാട് എം.പി.യും നിലവിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത ദേശീയപാത അധികൃതരുടെ ഉന്നതതല യോഗത്തിൽ, താമരശ്ശേരി ചുരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.
പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ്, ചുരം ബൈപ്പാസ്, പുതുപ്പാടി-മുത്തങ്ങ നാലുവരി പാത, ചുരത്തിലെ കൊടും വളവുകളുടെ വികസനം, ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ എന്നിവ ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദേശങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ചുരത്തിലെ ഒൻപതാം വളവിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ വയനാട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ട് കിടക്കുകയാണ്.












Click it and Unblock the Notifications