ബിജെപി പ്രിയങ്കയുടെ മറുപടി; തനിക്കെതിരെ കള്ളപ്രചരണം നടത്തുന്നു, ഒന്നും മറച്ച് വെച്ചിട്ടില്ല
മീനങ്ങാടി: നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലതിലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ബി ജെ പി ഉയർത്തിയ വെല്ലുവിളികള്‍ക്ക് മറുപടിയുമായി വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. തന്റ സ്വത്തുമായി ബന്ധപ്പെട്ട് ബി ജെ പി കള്ളപ്പചരണം നടത്തുകയാണെന്നെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. എല്ലാ സ്വത്തുക്കളേയും കുറിച്ച് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും മറച്ച് വെച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചതോടെ ഇത് വ്യക്തമായതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മീനങ്ങാടിയിലെ പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വയനാടിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണ്. നിങ്ങള്‍ തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവായിരിക്കും അതും. പോരാട്ട വീര്യവും ധൈര്യവുമുള്ളവരാണ് വയനാട്ടിലെ ജനങ്ങള്‍. ബ്രീട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വയനാട്ടില്‍ സർക്കാർ മെഡിക്കല്‍ കോളേജ് വേണ്ടതുണ്ട്. അതിനായി ശക്തമായ ഇടപെടല്‍ നടത്തും. അതോടൊപ്പം തന്നെ രാത്രിയാത്ര നിരോധം നീക്കാനും വന്യ ജീവി സംഘർഷം ലഘൂകരിക്കാനും വേണ്ടി ഇടപെടും. തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ വയനാട്ടുകാരായ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട്, നിങ്ങളുടെ ശബ്ദം പാർലമെന്റില്‍ ഉയർത്തും.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു. മണിപ്പൂരില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആക്രമണം നടന്നു. ഈ സർക്കാർ നടപ്പാക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഈ സർക്കാർ രൂപീകരിക്കുന്ന ഓരോ നയങ്ങളും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇതൊന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. കർഷകരോട് ഈ സർക്കാറിന് യാതൊരു അനുതാപവുമില്ല. ആദിവാസികളുടെ ഭൂമിയടക്കം സമ്പന്നർക്ക് കൈമാറുന്നതാണ് ഇന്നത്തെ സ്ഥിതിയെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
എല്ലാവരും തന്റെ സഹോദരനെതിരെ തിരിഞ്ഞ സമയത്താണ് വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതും ഒപ്പം നില്‍ക്കുന്നതും. അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടിലെ ഓരോരുത്തരേയും സ്വന്തം കുടുംബാംഗമായിട്ടാണ് രാഹുല്‍ കാണുന്നത്. വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി വളരെ അധികം പരിശ്രമിച്ചു. അത് ഞാന്‍ തുടരും.
രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ എനിക്ക് അറിയാവുന്ന കാര്യമാണ്. നമ്മുടെ ഈ പോരാട്ടം ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ളതാണ്. വയനാട്ടില്‍ ഞാന്‍ എത്രത്തോളം വോട്ടിന് ജയിക്കും എന്നുള്ളതല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications