ആശമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക; 'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വേതനം വര്‍ധിപ്പിക്കും'
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. വേതന വര്‍ധനവും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞ 20 ദിവസമായി സെക്രട്ടേറിയറ്റിന് പുറത്ത് സമരം ചെയ്യുകയാണ് ആശാ വര്‍ക്കര്‍മാര്‍. ആശമാരുടെ സമരം ന്യായമാണ് എന്നും അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എക്‌സിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ വേതനത്തില്‍ 7000 രൂപയുടെ വര്‍ധനവാണ് ആവശ്യപ്പെടുന്നത്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ് ആശാ വര്‍ക്കര്‍മാര്‍ എന്ന് പ്രിയങ്ക പറഞ്ഞു. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ നിസ്വാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

'ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ ആദ്യ കാലയളവിലാണ് ആശ വര്‍ക്കര്‍മാര്‍ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറിയത്. കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള എണ്ണമറ്റ കുടുംബങ്ങള്‍ക്ക് മാതൃ പരിചരണവും ആരോഗ്യ സേവനങ്ങളും നല്‍കാനും ആരോഗ്യ സംരക്ഷണം ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പോലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും അവര്‍ക്കായിട്ടുണ്ട്.
കേരളത്തില്‍, ആശാ വര്‍ക്കര്‍മാര്‍ തങ്ങളുടെ തുച്ഛമായ ഓണറേറിയമായ 7000 രൂപയില്‍ ന്യായമായ വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കര്‍ണാടകയിലും തെലങ്കാനയിലും ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണ് ഇത്. അവരുടെ പോരാട്ടം അന്തസിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. സമൂഹത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ അവരുടെ അവകാശങ്ങള്‍ക്കായി യാചിക്കേണ്ടിവരുന്നത് ഭയാനകമാണ്.
നീതിക്ക് പകരം, കേരള സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് ലഭിച്ചത് നിസ്സംഗതയും അവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളുമാണ്. കേരളത്തിലെ ആശാ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എന്റെ സഹോദരിമാരേ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല. അടുത്ത വര്‍ഷം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളുടെ വേതനം വര്‍ധിപ്പിക്കുമെന്നും നിങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കും,' പ്രിയങ്ക പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20-ാം ദിവസത്തിലേക്ക് കടന്നു. കുറഞ്ഞ വേതനം പ്രതിമാസം 21000 രൂപയാക്കി എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ മുടക്കം കൂടാതെ നല്‍കുക, വിരമിക്കല്‍ പ്രായം 62 ആക്കിയ ഉത്തരവ് പിന്‍വലിക്കുക, വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ ആനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങളുമായാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം നടത്തുന്നത്.












Click it and Unblock the Notifications