പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍: രാധയുടേയും എന്‍എം വിജയന്റേയും കുടുംബാംഗങ്ങളെ സന്ദർശിക്കും
കല്പറ്റ: പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും. മണ്ഡലത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും അന്തരിച്ച ഡി സി സി ട്രഷറർ എൻ എം വിജയൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളേയും കാണും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗമായിരിക്കും മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലേക്ക് എത്തുക. ഉച്ചക്ക് പന്ത്രണ്ടേ കാലോടെയായിരിക്കും എം പിയുടെ സന്ദർശനം.
ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ എന്‍ എം വിജയന്റെ വീട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുക്കും. അതിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടെക്കും. പിന്നാലെ വൈകീട്ടോടെ തന്നെ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.

അതേസമയം, ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി കത്തെഴുതി.
തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർത്ഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയത് എന്ന് തീർത്ഥാടകർ പ്രിയങ്കയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
എന്നാൽ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധിക നിരക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദ്ക്കുകയോ കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.
കർഫ്യൂ പിന്‍വലിച്ചു
കടുവ ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയുടെ വിവിധ മേഖലകളില്‍ പ്രഖ്യാപിച്ച കർഫ്യൂ പിന്‍വലിച്ചു. മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷനായ പഞ്ചാരക്കൊല്ലി, രണ്ടാം ഡിവിഷനായ പിലാക്കാവിൽ ഉൾപ്പെട്ടുവരുന്ന സെന്റ് ജോസഫ് എൽ.പി. സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, വട്ടർകുന്ന് പ്രദേശം, കയ്യേറ്റഭൂമി പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിലായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications