വിജയിച്ചതിന് ശേഷം ഞങ്ങളെ വേണ്ടേ? പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ അവഗണിച്ചു; ലീഗിന് അതൃപ്തി
മലപ്പുറം: എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാന്‍ ക്ഷണിക്കാത്തതില്‍ ലീഗില്‍ അതൃപ്തി. കരിപ്പൂർ വിമാനത്താവളത്തില്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരുന്നു. സാധാരണ ലീഗ് നേതാക്കളേയും വിമാനത്താവളത്തിലെ സ്വീകരണത്തിലേക്ക് ക്ഷണിക്കാറുണ്ടെങ്കിലും ഇത്തവണ അവരെ പൂർണ്ണമായും ഒഴിവാക്കി. ഇതാണ് അതൃപ്തിക്ക് ഇടയാക്കിയ പ്രധാന കാരണം.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെയാണ് ക്ഷണിക്കാറുള്ളത്. ലോക്സഭയിലേക്ക് വന്‍വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയാനാണ് പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം വീണ്ടും വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ തങ്ങളെ അറിയിച്ചില്ലെന്നാണ് ലീഗിന്റെ ആരോപണം.

യു ഡി എഫ് വയനാട് ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്‍ ലീഗ് നേതാവായ അബ്ബാസ് അലി തങ്ങളാണ്. അദ്ദേഹത്തെ പോലും പ്രിയങ്കയുടെ സന്ദർശന വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഈ അവഗണന അടുത്ത മുന്നണി യോഗത്തില്‍ ലീഗ് ഉന്നയിച്ചേക്കും.
അതേസമയം, കോണ്‍ഗ്രസ് പ്രവർത്തകർ വലിയ സ്വീകരണമാണ് പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കിയത്. കരിപ്പൂരില്‍ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തു. വയനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിൽ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുക്കത്ത് പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്.
നിങ്ങൾ എന്തു നൽകിയോ അതിന് താൻ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനങ്ങൾ തനിക്ക് എന്താണോ നൽകിയത് അതിൻ്റെ മൂല്യം നിലനിൽക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലുമാണ്. താൻ പാർലമെൻ്റിൽ ഉള്ളത് വയനാട്ടിൽ ജനങ്ങൾക്ക് വേണ്ടിയാണ്. ഇനി പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും.
ബിജെപിയുടെ പെരുമാറ്റത്തിൽ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അതുപോലെ നമ്മളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയാണ്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിർത്തുന്ന അടിസ്ഥാനം മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും കുറിച്ചും തനിക്ക് ആഴത്തിൽ അറിയാം, പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പോരാടും. ജനങ്ങൾക്ക് ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി തൻ്റെയടുത്ത് വരാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications