സൂഫി ഗ്രൂപ്പെന്ന് അവകാശപ്പെട്ട് വന്നത് ആർഎസ്എസ് അനുകൂല സംഘങ്ങൾ: പ്രമേയം തള്ളിക്കളയുന്നുവെന്ന് പിഎഫ്ഐ
ദില്ലി: സംഘടനയ്‌ക്കെതിരായ സംഘപരിവാർ അനുകൂല സംഘങ്ങളുടെ പ്രമേയത്തെ തള്ളിക്കളയുന്നുവെന്ന് പോപുലർ ഫ്രണ്ട്. തങ്ങള്‍ക്കെതിരെ രംഗത്ത് വന്നത് സൂഫി ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ആർ എസ് എസ് അനുകൂല സംഘങ്ങളാണെന്നാണ് പി എഫ് ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. 'ന്യൂഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്ത സൂഫി ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ആർ എസ് എസ് അനുകൂല സംഘങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയ്‌ക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തള്ളിക്കളയുന്നു'- പി എഫ് ഐ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്ത്യൻ മുസ്ലീം സമൂഹത്തെ പൈശാചികവൽക്കരിക്കുക എന്നതിനപ്പുറം, സത്യസന്ധരായ മതനേതാക്കളുടെ ഒരു പ്രസ്താവനയും ഇന്റർഫെയ്ത്ത് പരിപാടിയിൽ നടന്നിട്ടില്ലെന്ന് മുഹമ്മദ് ഷാക്കിഫ് പറഞ്ഞു. അന്നത്തെ യോഗത്തിൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ രാഷ്ട്രീയ ആനുകൂല്യങ്ങൾക്കായി തങ്ങളെ സ്വയം സൂഫികൾ എന്ന് വിളിക്കുന്ന ഭരണകൂട പ്രാന്ത ഘടകങ്ങളുമുണ്ട്. അവരുടെ നിഴലുകൾ പോലും അവരുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഇന്ത്യൻ മുസ്ലീം സമൂഹത്തിലെ എല്ലാവർക്കും അറിയാം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മുസ്‌ലിം സമുദായത്തെയും സംഘടനയെയും ആക്ഷേപിക്കാൻ ഫാസിസ്റ്റ് ശക്തികൾ സ്‌പോൺസർ ചെയ്‌തതും, സംഘടിപ്പിച്ചതുമായ പരിപാടിയാണ് അത്. ഇത്തരം സംഭവങ്ങളുടെ രാഷ്ട്രീയം നോക്കാനുള്ള വിവേകം മുസ്ലീം സമുദായത്തിനുണ്ട്. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ആത്മാർത്ഥതയുണ്ടെങ്കിൽ, ഇതിനകം പൊതുസഞ്ചയത്തിലുള്ള യഥാർത്ഥ മുസ്‌ലിം നേതാക്കളേയും, സമുദായ സംഘടനകളേയുമാണ് അദ്ദേഹം അഭിസംബോധന ചെയ്യേണ്ടത്.
മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഹിന്ദുത്വ ഭീകരത തടയുകയും ന്യൂനപക്ഷ സമുദായ സംഘടനകളെയും നേതാക്കളെയും വേട്ടയാടാനുള്ള സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമെന്ന് ബി ജെ പി സർക്കാരിനെ മുഹമ്മദ് ഷാക്കിഫ് ഓർമ്മിപ്പിച്ചെന്നും പി എഫ് ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
Recommended Video
പോപ്പുലർ ഫ്രണ്ടിനെതിരെ തെളിവുണ്ടെങ്കിൽ ആ സംഘടനയെയും നിരോധിക്കണമെന്ന് സുഫി മതപുരോഹിതൻ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിഷ്തി കഴിഞ്ഞ ദിവസം ദില്ലിയില്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് അരങ്ങേറുന്ന തീവ്ര മതമൗലികവാദികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇതെല്ലാം പരിഹരിക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അജിത് ഡോവൽ നടത്തിയ മത സൗഹാർദ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications