കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിട്ടു എല്‍ഡിഎഫില്‍ എത്തിയില്ല: വീരന്റെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫില്‍ നിന്ന് ചാടിയെങ്കിലും ഇടതുമുന്നണിയില്‍ പ്രവേശനം സാധ്യമാകാതെ അനിശ്ചിതത്വം തുടരുന്നതില്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ലോക്താന്ത്രിക് ജനതാദളില്‍ അമര്‍ഷo പുകയുന്നു. ജനതാദള്‍-യു രൂപം മാറി പുതിയ പേര് സ്വീകരിച്ചെങ്കിലും വീരേന്ദ്രകുമാര്‍ പക്ഷത്തിനെതിരെ പടയൊരുക്കത്തിലാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗം. തിങ്കളാഴ്ച പാലക്കാട് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും നിര്‍ണായക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

യുഡിഎഫ് വിട്ടുവന്നാല്‍ പിറ്റേന്ന് തന്നെ എല്‍ ഡി എഫില്‍ പ്രവേശനം സാധ്യമാകുമെന്നും ലോക്‌സഭയിലേക്ക് ഉറച്ച മണ്ഡലം വിട്ടുനല്‍കുമെന്നുമായിരുന്നു എം പി വീരേന്ദ്രകുമാര്‍ മറ്റു നേതാക്കളെ വിശ്വസിപ്പിച്ചത്. യു ഡി എഫ് വിടുന്നതില്‍ എതിര്‍പ്പുള്ള ഡോ. വറുഗീസ് ജോര്‍ജ്ജ്, മുന്‍ മന്ത്രി കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവരെ ഈ ഉറപ്പുകള്‍ നല്‍കിയാണ് ഒപ്പം നിര്‍ത്തിയത്. എന്നാല്‍ യു ഡി എഫ് വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പെരുവഴിയില്‍ നില്‍ക്കേണ്ട അവസ്ഥയില്‍ നേതാക്കള്‍ രോഷാകുലരാണ്. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയില്ലേ എന്ന മറുപടിയാണ് കോടിയേരിയില്‍ നിന്നും ഉണ്ടായതെന്നും അത് യു ഡി എഫിലുള്ളപ്പോള്‍ തന്നെ തങ്ങള്‍ക്ക് കിട്ടിയതാണെന്നും മുതിര്‍ന്ന നേതാവ് മനയത്ത് ചന്ദ്രന്‍ പ്രതികരിച്ചു. മുന്നണി പ്രവേശനമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

mpveerendrakumar

എന്നാല്‍ മുന്നണി പ്രവേശനം അത്രവേഗത്തില്‍ സാധ്യമാവില്ലെന്ന സൂചനയാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്നത്. നിലവില്‍ എം എല്‍ എമാരില്ലാത്തതിനാല്‍ നിയമസഭയിലുള്‍പ്പെടെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ സഹായം എല്‍ ഡി എഫിന് ആവശ്യമില്ല. മാത്യു ടി തോമസ് നേതൃത്വം നല്‍കുന്ന ജനതാദള്‍-എസില്‍ ലയിച്ച് തിരികെയെത്താന്‍ സി പി എം നിര്‍ദ്ദേശിച്ചെങ്കിലും നേതാക്കള്‍ അത് തള്ളുകയായിരുന്നു. ജനതാദള്‍-എസില്‍ ലയിച്ചാല്‍ തങ്ങള്‍ ജൂനിയര്‍ പങ്കാളിയായി ഒതുക്കപ്പെടുമെന്ന് നേതാക്കള്‍ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ശരത്‌യാദവ് നേതൃത്വം നല്‍കുന്ന പുതിയ പാര്‍ട്ടിയായ 'ലോക് താന്ത്രിക് ജനതാദളി' ന്റെ ഭാഗമായി അവര്‍ മാറിയത്. എന്നിട്ടും അനുകൂല മറുപടിയല്ല സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുത്താല്‍ അതിനും മുമ്പ് മുന്നണി പ്രവേശനത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന അര ഡസണോളം ചെറിയ പാര്‍ട്ടികളെ ചൊടിപ്പിക്കും. ഐ എന്‍ എല്‍, ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ആര്‍ എസ് പി-കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗം, ജെ എസ് എസ് ഗൗരിയമ്മ വിഭാഗം, സി എം പി-വിമത വിഭാഗം, പി ടി എ റഹീമിന്റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് എന്നിവര്‍ മുന്നണിക്ക് പുറത്താണ്. ഇതില്‍ മൂന്ന് പാര്‍ട്ടികള്‍ക്ക് എം എല്‍ എമാരുണ്ട്. മുന്നണിയിലെടുത്താല്‍ കോണ്‍ഗ്രസ്-എസിന് മന്ത്രിപദവി കൊടുത്തതുപോലെ ഇവര്‍ക്കും കൊടുക്കേണ്ടിവരും. അതിനു ശേഷം മാത്രമേ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ പരിഗണിക്കാന്‍ പറ്റുകയുള്ളൂ. അതിനാല്‍ പുതിയ ആരെയും അകത്തേക്ക് കയറ്റാതെ തന്ത്രപരമായി നിര്‍ത്തുകയാണ് സി പി എം. ഈ അപകടം മനസ്സിലാക്കി ദേശീയ നേതൃത്വത്തെക്കൊണ്ട് ഇടപെടുവിപ്പിക്കാനും വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലും ഒറ്റക്കെട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ലെന്ന് പാര്‍ട്ടിയിലെ അസംതൃപ്ത നേതാക്കള്‍ സൂചന നല്‍കുന്നു. ഇന്നത്തെ പാലക്കാട് യോഗത്തില്‍ ഒരു പാനലുണ്ടാക്കി ദേശീയ നേതൃത്വത്തിന് നല്‍കും. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ്, സെക്രട്ടറിമാരിലൊരാളായ എം വി ശ്രേയംസ് കുമാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ഇപ്പോഴത്തെ വടംവലികള്‍.

English summary
Problems in Veerndra Kumar's janatha dal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X