'തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് കൊണ്ട് തീരുന്ന പ്രശ്നങ്ങളല്ല'; രാഹുൽ ഗാന്ധിയോട് 3 ചോദ്യങ്ങളുമായി ജലീൽ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോട് മൂന്ന് ചോദ്യങ്ങളുമായി കെടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് ജലീൽ മൂന്ന് ചോദ്യങ്ങൾ പങ്കിട്ടത്. കോൺഗ്രസ് അധികാരത്തിലേറിയാൽ പൗരത്വ നിയമം പിൻവലിക്കാൻ തയ്യാറാകുമോ, മുത്തലാഖ് ബിൽ ചവറ്റ് കൊട്ടയിലെറിയുമോ, കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനസ്ഥാപിക്കുമോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ്സിന് ഉത്തരമില്ലെങ്കിൽ ബി ജെ പിയും കോൺഗ്രസ്സും തമ്മിൽ എന്തു വ്യത്യാസമാണ് ഉള്ളതെന്നും മർമ്മപ്രധാനമായ പ്രസ്തുത വിഷയങ്ങളോട് പ്രതികരിക്കാതെ രാഹുൽ ഗാന്ധിക്ക് ഭാരത യാത്ര അവസാനിപ്പിക്കാനാകില്ലെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഭാരത് ജോഡോ യാത്രയിൽ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങൾ:
1) അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മതം മാനദണ്ഡമാക്കി പൗരത്വം തീരുമാനിക്കുന്ന മോദി കൊണ്ടുവന്ന നിയമം പിൻവലിക്കുമോ?
2) കോൺഗ്രസ്സ് കേന്ദ്രത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ഭാര്യയെ വിവാഹ മോചനം ചെയ്യുന്ന മുസ്ലിം പുരുഷൻമാർക്ക് മാത്രം മൂന്നുവർഷത്തെ ജയിൽ ശിക്ഷ ഉറപ്പ് നൽകുന്ന മുത്തലാഖ് ബിൽ ചവറ്റുകൊട്ടയിലെറിയുമോ?
3) പണ്ഡിറ്റ് ജവഹർലാൽ നഹ്റു മുൻകയ്യെടുത്ത് ജമ്മു കാശ്മീരിന് നൽകിയ പ്രത്യേകാവകാശങ്ങൾ (370 വകുപ്പ്) എടുത്ത് കളഞ്ഞ ബി ജെ പി സർക്കാരിൻ്റെ നടപടി മരവിപ്പിച്ച് പൂർവ്വസ്ഥിതി പുനസ്ഥാപിക്കാൻ അധികാരം കിട്ടുന്ന പക്ഷം കോൺഗ്രസ് തയ്യാറാകുമോ?
ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ്സിന് ഉത്തരമില്ലെങ്കിൽ ബി ജെ പിയും കോൺഗ്രസ്സും തമ്മിൽ എന്തു വ്യത്യാസം? തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് കൊണ്ട് തീരുന്ന പ്രശ്നങ്ങളല്ല ഇന്ത്യയിലെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾ അനുഭവിക്കുന്നത്. മർമ്മപ്രധാനമായ പ്രസ്തുത വിഷയങ്ങളോട് പ്രതികരിക്കാതെ രാഹുൽ ഗാന്ധിക്ക് ഭാരത യാത്ര അവസാനിപ്പിക്കാനാകില്ല. കാത്തിരിക്കാം നമുക്ക്. പ്രതീക്ഷയോടെ...', കെ ടി ജലീൽ പോസ്റ്റിൽ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡ് യാത്ര ആലപ്പുഴയിൽ എത്തി നിൽക്കുകയാണ്. നാല് ദിവസമാണ് ജില്ലയിലെ പര്യടനം. 90 കിലോ മീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോകുന്നത്. 20 ന് അരൂരിൽ വെച്ചാണ് ആലപ്പുഴയിലെ സമാപന സമ്മേളനം നടക്കുന്നത്.3570 കിലോമീറ്റർ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്ര ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര കടന്ന് പോകുക.












Click it and Unblock the Notifications