വരുന്നത് തോന്നുന്ന സമയത്ത്; ലഹരി ഉപയോഗം കാരണം മടുത്തുപോയി: ശ്രീനാഥ് ഭാസിക്കെതിരേ നിര്‍മാതാവ്
കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ ഒരിടവേളയ്ക്കു ശേഷം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയതെന്ന് ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.
'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയുടെ നിര്‍മാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. സിനിമയുടെ ചിത്രീകരണ സമയത്ത് പുലര്‍ച്ചെ ഉള്‍പ്പെടെ വിളിച്ച് എഴുന്നേപ്പിച്ച് നടന്‍ നിര്‍ബന്ധപൂര്‍വം കഞ്ചാവ് ആവശ്യപ്പെട്ടിരുന്നതായി ഹസീബ് പറയുന്നു.

'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം ഉണ്ടായത്. ഒരു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ശ്രീനാഥ് ഭാസി ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ തീരൂ എന്ന് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാഥ് വലിയ രീതിയില്‍ കഷ്ടപ്പെടുത്തി. നടനെക്കൊണ്ട് മടുത്തെന്നും നിര്‍മാതാവ് പറയുന്നു.
ശ്രീനാഥ് ഭാസി കാരവന്റെ അകത്തിരുന്നാണ് കഞ്ചാവ് വലിക്കുന്നത്. അതിനകത്ത് ആരെയും കയറ്റില്ല. നടന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസര്‍മാരാണ് ഇപ്പോഴും പിന്നാലെ പോകുന്നതും ഡേറ്റ് ചോദിച്ച് അഡ്വാന്‍സ് കൊടുക്കുന്നതും.
ലഹരി കിട്ടാത്തതിനാല്‍ നടന്‍ സെറ്റിലേക്ക് 58 ദിവസങ്ങള്‍ വരാത്തതിരുന്നതോടെ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. 35 ദിവസം കൊണ്ട് തീര്‍ക്കേണ്ട സിനിമയുടെ ചിത്രീകരണം അവസാനിച്ചത് 120 ദിവസത്തിന് ശേഷം. തോന്നുന്ന സമയങ്ങളിലായിരുന്നു ഷൂട്ടിനെത്തിയിരുന്നത്. പരാതി പറഞ്ഞാലും പരിഹാരം ഉണ്ടാകില്ലെന്നതിനാല്‍ താന്‍ പരാതിപ്പെട്ടില്ലെന്നും ഹസീബ് മലബാര്‍ കുറിച്ചു. സഞ്ജിത്ത് ചന്ദ്രസേനനാണ് ചിത്രത്തിന്റെ സംവിധാനം.
ലഹരി ഉപയോഗം സംബന്ധിച്ച് ഇതാദ്യമായല്ല ശ്രീനാഥ് ഭാസിക്കെതിരേ ആരോപണങ്ങള്‍ ഉയരുന്നത്. ലഹരി കേസുകള്‍ക്കൊപ്പം നിര്‍മ്മാതാവിന്റെ പുതിയ വെളിപ്പെടുത്തല്‍ കൂടി വന്നത് ശ്രീനാഥ് ഭാസിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. നേരത്തെ ഒരു യൂട്യൂബ് ചാനല്‍ അവതാരകയോട് നടന്‍ മോശമായി പെരുമാറിയതും വലിയ ചര്‍ച്ചയായിരുന്നു.
2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പ്രണയത്തിലൂടെയാണ് ശ്രീനാഥ് ഭാസി അഭിന രംഗത്ത് എത്തിയത്. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം പിന്നീട് വലിയ താരനിരയ്‌ക്കൊപ്പം അഭിനയിച്ച് ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ അടിക്കടിയുണ്ടായ ലഹരി ആരോപണങ്ങള്‍ താരത്തിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു.
അടുത്തിടെ, ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന സ്ത്രീ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയെന്ന് എക്സൈസിനോട് വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സെറ്റിലെ മോശം പെരുമാറ്റം, മയക്കുമരുന്ന് ഉപയോഗം, ഉത്തരവാദിത്തമില്ലായ്മ, നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് താരം സിനിമാ കരിയറില്‍ നേരിട്ടിട്ടുള്ളത്.
കേരള പൊലീസിന്റെ ലഹരി വിരുദ്ധ സേന ഡാന്‍സാഫിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം ഉയരുന്നത്. ഇന്നലെ രാത്രിയായിരുന്നു ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഇതിന്റെ അന്വേഷണവും തുടരുകയാണ്.












Click it and Unblock the Notifications