'കാസര്‍ഗോഡുകാരെ ആ പ്രസ്താവന വേദനിപ്പിച്ചു, അറിയാതെ പറഞ്ഞതാണ്'; ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത്
തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കാസര്‍കോടിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത് രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഖേദപ്രകടനം. താന്‍ നടത്തിയ പരാമര്‍ശം കാസര്‍കോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ വിലക്കിയ സംഭവം കത്തിനില്‍ക്കവേയാണ് രഞ്ജിത്തിന്റെ പ്രസ്താവന മലയാള സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
രഞ്ജിത്തിന്റെ വാക്കുകളിലേക്ക്...
കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.
അതേസമയം, രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിനുവേണ്ടി കാസര്‍കോട് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ലെന്ന് രതീഷ് പൊതുവാള്‍ പറഞ്ഞു .
കാസര്‍കോട് ലഹരി വസ്തുക്കള്‍ ലഭ്യമാണെന്ന് എം. രഞ്ജിത് പറയുന്നുണ്ട്. രഞ്ജിത്തിന്റെ യൂണിറ്റുകളും കാസര്‍കോട് വര്‍ക്ക് ചെയ്തിട്ടുണ്ട് . ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുണ്ടായിരിക്കുമല്ലോ എന്നും രതീഷ് പൊതുവാള്‍ ചോദിച്ചിരുന്നു .












Click it and Unblock the Notifications