'നിവിന്‍ ഭയങ്കര കരച്ചിലാണ്'; 'ഞങ്ങളെല്ലാം ഷോക്കിലാണ്', ഷാബുവിനെ ഓർത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ
കൊച്ചി: 2020ന്റെ അവസാനത്തില്‍ മലയാള സിനിമാ ലോകത്തിനാകെ വേദനയായിരിക്കുകയാണ് മേക്കപ്പ് മാനായ ഷാബു പുല്‍പ്പളളിയുടെ മരണം. നിവിന്‍ പോളിക്കൊപ്പം വര്‍ഷങ്ങളായി മേക്കപ്പ് സഹായിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷാബു.
വീട്ടുമുറ്റത്തെ മാവില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടെ വീണാണ് ഷാബു മരണപ്പെട്ടത്. ഷാബുവിനെ അനുസ്മരിച്ച് പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ രംഗത്ത് വന്നിരിക്കുകയായിരുന്നു. ഷോക്കിലാണ് തങ്ങളെന്ന് ബാദുഷ പറയുന്നു.

വളരെ ചെറുപ്പമായിരുന്നു അവന്‍
ഷാബുവിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്ന് തങ്ങളാരും തന്നെ മോചിതരായിട്ടില്ലെന്ന് ബാദുഷ പറയുന്നു. വളരെ ചെറുപ്പമായിരുന്നു അവന്‍. ഷാബുവിന്റെ സഹോദരന്‍ കൂടിയായ മേക്കപ്പ് മാന്‍ ഷാജി ഇപ്പോള്‍ തനിക്കൊപ്പം ഒരു ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് ഷാബുവിന് അപകടം പറ്റിയതായി പറഞ്ഞ് ഫോണ്‍ കോള്‍ വന്നത്.

വല്ലാതെ വേദനിപ്പിക്കുന്നത്
തുടര്‍ന്ന് ഷാജിയെ വയനാട്ടിലേക്ക് അയച്ചു. ഷാജി തൃശൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മരണവിവരം ലഭിച്ചെന്ന് ബാദുഷ പറയുന്നു. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്നു ഷാബു. ഉളളില്‍ നന്മ നിറഞ്ഞവനായിരുന്നു. അതുകൊണ്ടാണ് ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നത് എന്നും ബാദുഷ പറയുന്നു. വലിയൊരു സൗഹൃദവലയം ആയിരുന്നു ഷാബുവിന്റെ സമ്പാദ്യം.

8 വര്‍ഷക്കാലമായി നിവിനൊപ്പം
അതില്‍ താരങ്ങളും സാധാരണക്കാരും ഉണ്ടായിരുന്നു. നിവിന്‍ പോളിയുമായി മേക്കപ്പ് മാന്‍ എന്നതില്‍ കവിഞ്ഞ അടുപ്പം സാബുവിന് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷക്കാലമായി നിവിനൊപ്പമാണ് ഷാബു. നിവിന്‍ നായകനായ പുതിയ ചിത്രം കനകം കാമിനി കലഹത്തിന്റെ മേക്കപ്പ് മാനും ഷാബു ആയിരുന്നുവെന്ന് ബാദുഷ പറഞ്ഞു.

നിവിന്‍ ഭയങ്കര കരച്ചിലാണെന്ന്
ഷാബുവിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ താന്‍ നിവിനെ വിളിക്കുന്നുണ്ട്. എന്നാല്‍ കിട്ടുന്നില്ലായിരുന്നു. സംവിധായകന്‍ ഹനീഫ് അദേനി വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞത് നിവിന്‍ ഭയങ്കര കരച്ചിലാണെന്നാണ് എന്നും ബാദുഷ പറഞ്ഞു. ഷാബുവുമായി അത്രയ്ക്ക് അടുപ്പമായിരുന്നു നിവിന് എന്നും ബാദുഷ പറയുന്നു. എപ്പോഴും ചിരിച്ച് മാത്രം കാണുന്ന ആളായിരുന്നു ഷാബു.

വേഗത്തില്‍ സൗഹൃദത്തിലാകുന്ന വ്യക്തി
എവിടെ കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് സംസാരിക്കും. വിളിച്ചാല്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി നിവിനെ അറിയിക്കും. ആരെ പരിചയപ്പെട്ടാലും വേഗത്തില്‍ സൗഹൃദത്തിലാകുന്ന വ്യക്തിത്വമായിരുന്നു ഷാബുവിന്റെത് എന്നും ബാദുഷ പറഞ്ഞു. സ്റ്റാര്‍ തൂക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് മാവില്‍ നിന്ന് വീണ ഷാബു ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.












Click it and Unblock the Notifications